| Wednesday, 15th October 2025, 6:51 pm

ഇന്ത്യയിലെ ആദ്യ സമഗ്ര എ.ഐ ഫിലിം മേക്കിങ് കോഴ്‌സ് കേരളത്തില്‍ നിന്ന്; ഉദ്ഘാടനം ചെയ്ത് കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സമഗ്ര എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) ഫിലിം മേക്കിങ് കോഴ്‌സുമായി സ്‌കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ് വരുന്നു. sostorytelling.com എന്ന പോര്‍ട്ടലും സ്‌കൂളിന്റെ ലോഞ്ചും തെന്നിന്ത്യന്‍ സൂപ്പര്‍ താരവും എം.പിയുമായ കമല്‍ഹാസന്‍ പ്രകാശനം ചെയ്തു.

സംരംഭത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയറിയിച്ചു. കേരളം ലോകത്തിന് എന്നും മാതൃകയായിട്ടുള്ള അതിന്റെ സാമൂഹിക വികസന സൂചികകക്കും കാലോചിതമായ സാങ്കേതികവിദ്യകളെ സ്വാംശീകരിക്കുന്നതിനുള്ള ഇച്ഛാശക്തിക്കും ശക്തിപകരുന്ന വിധം ഒരു എ.ഐ അധിഷ്ഠിത ഫ്യൂച്ചര്‍ സ്റ്റോറി ടെല്ലിങ് സ്‌കൂള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി ആസ്ഥാനമായി ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്റഗ്രേറ്റഡ് ഫിലിംമേക്കിങ് കോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ നിന്നുണ്ടാവുക. പ്രമുഖ എ.ഐ ക്രിയേറ്റീവ് ഇന്‍ഡസ്ട്രി ട്രെയ്‌നറും മാധ്യമപ്രവര്‍ത്തകനുമായ വരുണ്‍ രമേഷാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തെന്നിന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ സിനിമാ പ്രവര്‍ത്തകരും എ.ഐ സാങ്കേതിക രംഗത്തെ പ്രമുഖരും അടങ്ങുന്ന ടീമാണ് സ്‌കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സ്‌കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ് അവകാശപ്പെട്ടു.

ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ക്രിയേറ്റീവ് രംഗത്ത് പണിയെടുക്കുന്നവരെയും ഒന്നിപ്പിക്കുക എന്നതാണ് സ്‌ക്കൂള്‍ ഓഫ് സ്റ്റോറിടെല്ലിങ്ങിന്റെ ലക്ഷ്യമെന്നും സ്ഥാപനം പറയുന്നു.

ഓണ്‍ലൈന്‍ ക്ലാസുകളും ലൈവ് വര്‍ക്ക് ഷോപ്പുകളും കൂടാതെ എല്ലാ മാസവും കൊച്ചിയില്‍ മലയാള സിനിമയിലെയും കണ്ടന്റ് ക്രിയേഷനിലെയും പ്രമുഖരുടെ എ.ഐ ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പുകള്‍ ഉണ്ടാവുമെന്നും സ്‌കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ് അറിയിച്ചു.

എ.ഐ ഫിലിം മേക്കിങ് സമ്പൂര്‍ണ കോഴ്‌സിന് പിന്നാലെ എ.ഐ സിനിമാട്ടോഗ്രാഫി, എ.ഐ സ്‌ക്രീന്‍ റൈറ്റിങ്, എ.ഐ വി.എഫ്.എക്‌സ്, എ.ഐ അനിമേഷന്‍ എന്നിങ്ങനെ കൂടുതല്‍ സാങ്കേതിക മേഖലയിലെ കോഴ്‌സുകളും സ്‌കൂളിന്റെ ഭാഗമായി ഉണ്ടാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് hello@sostorytelling.com എന്ന ഇമെയില്‍ വിലാസത്തിലോ 8921162636 നമ്പറിലോ ബന്ധപ്പെടാം.

Content Highlight: India’s first comprehensive AI filmmaking course from Kerala; Kamal Haasan inaugurates it

We use cookies to give you the best possible experience. Learn more