| Friday, 11th September 2026, 6:36 pm

പത്തില്‍ പത്ത് ഫൈനല്‍! ഒമ്പതില്‍ ഏഴ് കിരീടം!! ആധിപത്യം എന്ന വാക്കിന് പര്യായമുണ്ടെങ്കില്‍ അത് ഇന്ത്യ

ആദർശ് എം.കെ.

വനിതാ ഏഷ്യാ കപ്പില്‍ വീണ്ടും കിരീടപ്പോരിന് യോഗ്യത നേടി ഇന്ത്യ. ആദ്യ സെമി ഫൈനലില്‍ ഗ്രൂപ്പ് ബി-യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായെത്തിയ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഓപ്പണര്‍ ഷെഫാലി വര്‍മയുടെ കരുത്തില്‍ ഇന്ത്യയുയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

വനിതാ ഏഷ്യാ കപ്പില്‍ തങ്ങളുടെ പത്താം ഫൈനലിനാണ് ഇന്ത്യ യോഗ്യത നേടിയിരിക്കുന്നത്. വനിതാ ഏഷ്യാ കപ്പിന്റെ പത്താം എഡിഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നറിയുമ്പോഴാണ് ഇന്ത്യയുടെ ഡോമിനന്‍സിന്റെ തോത് വ്യക്തമാവുക.

എല്ലാ ഫൈനലുകളിലും സാന്നിധ്യമറിയിക്കുക മാത്രമല്ല, ഇതുവരെ നടന്ന ഒമ്പത് ഫൈനലുകളില്‍ ഏഴെണ്ണത്തില്‍ വിജയിച്ച് കിരീടം നേടുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ആറ് കിരീടങ്ങള്‍ തുടര്‍ച്ചയായി നേടിയതാണ് എന്നതും ശ്രദ്ധേയമാണ്.

2022ലെ ഏഷ്യാ കപ്പ് കിരീടവുമായി

വനിതാ ഏഷ്യാ കപ്പ് ഫൈനലുകള്‍

(വര്‍ഷം – ജേതാക്കള്‍ – രണ്ടാം സ്ഥാനക്കാര്‍ എന്നീ ക്രമത്തില്‍)

2004 – ഇന്ത്യ – ശ്രീലങ്ക (ഏകദിനം)

2005-06 – ഇന്ത്യ – ശ്രീലങ്ക (ഏകദിനം)

2006 – ഇന്ത്യ – ശ്രീലങ്ക (ഏകദിനം)

2008 – ഇന്ത്യ – ശ്രീലങ്ക (ഏകദിനം)

2012 – ഇന്ത്യ – പാകിസ്ഥാന്‍ (ടി-20)

2016 – ഇന്ത്യ – പാകിസ്ഥാന്‍ (ടി-20)

2018 – ബംഗ്ലാദേശ് – ഇന്ത്യ (ടി-20)

2022 – ഇന്ത്യ – ശ്രീലങ്ക (ടി-20)

2024 – ശ്രീലങ്ക – ഇന്ത്യ (ടി-20)

ഇപ്പോള്‍ 2026ലും ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ തങ്ങളുടെ എട്ടാം കിരീടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിലെ വിജയികളെയാണ് ഇന്ത്യ തങ്ങളുടെ പത്താം കിരീടപ്പോരാട്ടത്തില്‍ നേരിടുക.

ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ ശ്രീലങ്ക ഗ്രൂപ്പ് എയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ച പാകിസ്ഥാനെയാണ് നേരിടുക.

Content Highlight: India’s dominance in Women’s Asia Cup

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more