| Saturday, 15th August 2026, 10:43 pm

രാഹുലിന്റെ പരിക്ക്; നിര്‍ണായക വിവരം പുറത്ത് വിട്ട് ഇന്ത്യന്‍ ബാറ്റിങ് കോച്ച്

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പേശിവലിവിനെ തുടര്‍ന്ന് കളംവിട്ടത് ഇന്ത്യക്ക് വലിയ തരിച്ചടിയായിരുന്നു. രണ്ടാം സെഷനില്‍ തന്നെ രാഹുല്‍ പേശിവലിവിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എങ്കിലും മൂന്നാം സെഷനില്‍ ബാറ്റിങ്ങിനായി താരം വീണ്ടും ക്രീസിലെത്തുകയായിരുന്നു. 162 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 77 റണ്‍സ് നേടി നില്‍ക്കവെ റിട്ടയേഡ് ഔട്ടാവുകയായിരുന്നു താരം. വലിയ വേദന അനുഭവപ്പെട്ടായിരുന്നു രാഹുല്‍ കളം വിട്ടത്. ഇതോടെയാണ് താരത്തിന്റെ പരിക്ക് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നത്.

എന്നാല്‍ രാഹുലിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കോട്ടക് വ്യക്തമാക്കിയത്.  രാഹുലിന് അനുഭവപ്പെട്ടത് പേശിവലിവ് മാത്രമാണെന്നും ദിവസം അവസാനിക്കുമ്പോഴേക്കും താരം പൂര്‍ണമായും സുഖമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘കെ.എല്‍. നന്നായി ബാറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന് പേശിവലിവ് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ദിവസാവസാനത്തോടെ അദ്ദേഹം പൂര്‍ണമായും സുഖമായിരുന്നു. ഒരിക്കല്‍ പേശിവലിവ് ആരംഭിച്ചാല്‍ അത് ഹാംസ്ട്രിങ്ങിലും തുടയിടുക്കിലും കൈയിലുമെല്ലാം അനുഭവപ്പെടാം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നില പൂര്‍ണമായും തൃപ്തികരമാണ്. അതിനാല്‍ നാളെ ബാറ്റിങ്ങിനിറങ്ങാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ കോട്ടക് പറഞ്ഞു.

അതേസമയം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയിലാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് തുടരുന്നത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. നിലവില്‍ 178 പന്തുകള്‍ നേരിട്ട് ഒരു സിക്സും 12 ഫോറും ഉള്‍പ്പെടെ 131 റണ്‍സ് നേടിയാണ് താരം ക്രീസില്‍ നില്‍ക്കുന്നകത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്.

മത്സരത്തില്‍ ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് യശസ്വി ജെയ്‌സ്വാളിനെയാണ്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. പ്രതാപ് ജയസൂര്യയാണ് താരത്തെ പുറത്താക്കിയത്. മാത്രമല്ല ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 16 റണ്‍സിനാണ് മടങ്ങിയത്. പ്രതാപാണ് താരത്തെയും പുറത്താക്കിയത്. നിലവില്‍ പടിക്കലിനൊപ്പം ക്രീസിലുള്ളത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്താണ്. 36 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്.

Content Highlight: India’s batting coach Sitanshu Kotak has clarified that there is no cause for concern regarding Rahul’s health

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more