ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന സമരത്തില്‍ പ്രതിഷേധക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് രംഗത്തെത്തിയതിന് പിന്നാലെ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതികരണവുമായി ഇന്ത്യ.
24 മണിക്കൂറിനിടെ രണ്ടാം തവണയാണ് യു.എന്‍ പ്രസ്താവനയോട് ഇന്ത്യ പ്രതികരിക്കുന്നത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യം ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും അവ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണെന്നും പ്രതികരിച്ചിരുന്നു.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുകയും ശക്തമായ ഭരണഘടനാ സ്ഥാപനങ്ങള്‍, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, സ്വതന്ത്ര മാധ്യമങ്ങള്‍ എന്നിവ അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു’, എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
എല്ലാ ജനാധിപത്യ രാജ്യങ്ങളിലേയും പോലെ, പൊതുസമാധാനം നിലനിര്‍ത്തുന്നതിനുള്ള ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ഇന്ത്യന്‍ പൗരന്മാര്‍ ഈ അവകാശം വിനിയോഗിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
‘അധികാരികള്‍ നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. പരാതികള്‍ക്ക് പരിഹാരം തേടുന്നതിനായ നമ്മുടെ കോടതികള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. അതിനാല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈ കമ്മീഷണറുടെ ഓഫീസ് ഉന്നയിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. അവ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലുമാണ്’, കുറിപ്പില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ നിഷ്പക്ഷതയും വിവേചനരഹിതമായ സമീപനവും എന്ന തങ്ങളുടെ ഉത്തരവാദിത്തത്തിന് അനുസൃതമായി മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും സമാനമായ ശ്രദ്ധ നല്‍കുന്നത് ഉചിതമായിരിക്കും എന്ന് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനോട് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ഇതിന് പിന്നാലെ കുറിപ്പില്‍ പറഞ്ഞത് പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വീഡിയോ പങ്കുവെച്ചു.
സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം മാനിക്കണം എന്ന് ഇന്ത്യന്‍ അധികാരികളോട് ആവശ്യപ്പെട്ടുകൊണ്ടാണ് യു.എന്‍ മനുഷ്യാവകാശ വിഭാഗം പ്രസ്താവനയിറക്കിയത്.
Content Highlight: India rejects UN rights body remarks on Delhi protests, cites ‘double standards’