| Friday, 26th September 2025, 9:04 pm

ഉക്രൈൻ യുദ്ധ തന്ത്രം വിശദീകരിക്കാൻ ആവശ്യപ്പെട്ടുവെന്ന നാറ്റോ സെക്രട്ടറി ജനറലിന്റെ പരാമർശം തള്ളി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റിനോട് ഉക്രൈൻ യുദ്ധ തന്ത്രം വിശദീകരിക്കാൻ ആവശ്യപ്പെട്ടുവെന്ന നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടിന്റെ പരാമർശം തള്ളി ഇന്ത്യ.

വ്യാഴാഴ്ച ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലിക്കിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ട്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ ചുമത്തിയ തീരുവകൾ റഷ്യയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇന്ത്യ പുടിനുമായി ഫോണിൽ സംസാരിച്ചതായും ഇന്ത്യക്ക് മേലുള്ള തീരുവകൾ കാരണം ഉക്രൈനെക്കുറിച്ചുള്ള തന്ത്രം വിശദീകരിക്കാൻ നരേന്ദ്ര മോദി പുടിനോട് ആവശ്യപ്പെട്ടുവെന്നും റൂട്ട് പറഞ്ഞിരുന്നു.

ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്നും ഒരിക്കലും നടന്നിട്ടില്ലാത്ത സംഭാഷണമാണെന്നും ഇത് അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ഒരു ഫോൺ സംഭാഷണത്തെക്കുറിച്ച് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ട് നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. ഈ പ്രസ്താവന വസ്തുതാപരമായി തെറ്റും പൂർണമായും അടിസ്ഥാനരഹിതവുമാണ്. ഒരു ഘട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനുമായി ആ രീതിയിൽ സംസാരിച്ചിട്ടില്ല. അത്തരമൊരു സംഭാഷണം നടന്നിട്ടില്ല. ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ നാറ്റോ നേതൃത്വം കൂടുതൽ ഉത്തരവാദിത്തത്തോടെയും കൃത്യതയോടെയും പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു’ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ ഉപഭോക്താവിന് താങ്ങാനാവുന്ന ഊർജ ചെലവ് ഉറപ്പാക്കുന്നതിനാണ് ഇന്ത്യയുടെ ഊർജ ഇറക്കുമതി ലക്ഷ്യമിടുന്നതെന്നും ദേശീയ താത്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും തുടർന്നും ഇന്ത്യ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുന്നതിൽ ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയിരുന്നു.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് സെക്കൻഡറി ഉപരോധങ്ങളും ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നവരിൽ ഏറ്റവും മുൻനിരയിലുള്ള രണ്ട് രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണ്.

Content Highlight: India rejects NATO Secretary General’s remark that he asked for clarification of Ukraine war strategy

We use cookies to give you the best possible experience. Learn more