ന്യൂദല്‍ഹി: 2024ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷയരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന (WHO). ലോകത്തുടനീളമായി രേഖപ്പെടുത്തിയ കേസുകളില്‍ നാലിലൊന്നും ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഒരു ലക്ഷം ആളുകളില്‍ 187 പേര്‍ക്ക് ക്ഷയരോഗം സ്ഥിരീകരിക്കുന്നുണ്ടെന്ന് ഡബ്‌ള്യു.എച്ച്.ഒ പറയുന്നു.
2015ല്‍ ഇത് ഒരു ലക്ഷത്തില്‍ 237 എന്ന നിരക്കിലായിരുന്നു. എന്നാല്‍ 2024ല്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയ ക്ഷയരോഗ കേസുകളില്‍ 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2025ല്‍ ഇത് ഒരു ലക്ഷം ജനസംഖ്യയില്‍ 77 കേസുകളാക്കി കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആഗോള ക്ഷയരോഗ റിപ്പോര്‍ട്ട് 2025 പ്രകാരം,അന്താരാഷ്ട്ര തലത്തിലെ ക്ഷയരോഗബാധിതരുടെ 67 ശതമാനം എട്ട് രാജ്യങ്ങളിലായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 25 ശതമാനവുമായി ഇന്ത്യയാണ് മുന്നില്‍.
ഇന്തോനേഷ്യയില്‍ പത്ത് ശതമാനവും ഫിലിപ്പീന്‍സില്‍ 6.8 ശതമാനവും ചൈനയില്‍ 6.5 ശതമാനവും, പാകിസ്ഥാന്‍ 6.3% ശതമാനം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നൈജീരിയ (4.8%), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (3.9%), ബംഗ്ലാദേശ് (3.6%) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.
അതേസമയം 2030 ആകുമ്പോഴേക്കും ക്ഷയരോഗം ഇല്ലാതാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. ഡബ്‌ള്യു.എച്ച്.ഒയുടെ റിപ്പോര്‍ട്ട് പ്രകാരം, 2024ല്‍ ഇന്ത്യയിലെ ക്ഷയരോഗ മരണനിരക്ക് ഒരു ലക്ഷം ജനസംഖ്യയില്‍ 21 ആയി കുറഞ്ഞിട്ടുണ്ടെന്നും പറയുന്നു. പക്ഷേ ഇത് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്.
Content Highlight: India recorded most tuberculosis cases globally in 2024: WHO