ന്യൂദല്‍ഹി: ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ. ഗസയിലെ ഖാന്‍ യൂനിസില്‍ നാസര്‍ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ 5 മാധ്യമപ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ടത്.
22 മാസത്തെ യുദ്ധത്തിനിടയില്‍ ഗസയിലെ ആശുപത്രികള്‍ക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും നടത്തിയ ഏറ്റവും ഭയപ്പെടുത്തുന്ന ആക്രമണങ്ങളില്‍ ഒന്നാണിത്.
വിഷ്വല്‍ ജേര്‍ണലിസ്റ്റും അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന മരിയം ദഗ്ഗ അടക്കം അല്‍ ജസീറ, റോയിട്ടേഴ്‌സ്, യു.കെ ആസ്ഥാനമായുള്ള മിഡില്‍ ഈസ്റ്റ് ഐ എന്നിവയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
മാധ്യമപ്രവര്‍ത്തര്‍ക്കെതിരായ ആക്രമണം ‘ഞെട്ടിക്കുന്നതും അത്യന്തം ഖേദകരവുമാണ്’ എന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞത്.
ആക്രമണങ്ങളില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനെ ഇന്ത്യ എന്നും അപലപിച്ചിട്ടുണ്ടെന്നും ഇസ്രഈല്‍ ഇതിനകം വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി മനസ്സിലാക്കുന്നുവെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
സംഘര്‍ഷങ്ങളില്‍ സാധാരണക്കാരെ സംരക്ഷിക്കണമെന്ന ഇന്ത്യയുടെ നിലപാട് ജയ്സ്വാള്‍ ആവര്‍ത്തിച്ചു, കൂടാതെ ഈ മേഖലയിലെ സംഭവങ്ങള്‍ ക്ഷമയോടെ വീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലിന്റെ മുകളിലത്തെ നിലയില്‍ ലൈവ് ടിവി ഷോട്ട് ചെയ്യുന്നതിനിടെയാണ് തങ്ങളുടെ ഒരു റിപ്പോര്‍ട്ടര്‍ ആദ്യത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെട്ട ഒരു സ്ഥലമായ ആശുപത്രിയിലെ ഈ ആക്രമണത്തില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ ഇരകളായി എന്നത് തങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടെന്ന് ഇസ്രഈലിന് അയച്ച കത്തില്‍ എ.പി-യും റോയിട്ടേഴ്‌സും വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്തുകൊണ്ടിരുന്നത്. അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരെ ഗസയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രഈല്‍ വിലക്കിയിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞു.
അതേസമയം ആക്രമണത്തെ ‘ദുരന്തപൂര്‍ണ്ണമായ അബദ്ധം’ എന്നാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വിശേഷിപ്പിച്ചത്.
മാധ്യമപ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനത്തെ ഇസ്രഈല്‍ വിലമതിക്കുന്നുവെന്നും, തങ്ങളുടെ യുദ്ധം ഹമാസുമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യം ഇതില്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഗസ മുനമ്പിന്റെ തെക്ക് ഭാഗത്തെ നാസര്‍ ആശുപത്രിയില്‍ ഇസ്രഈല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണത്തില്‍ സഹായിക്കാന്‍ ഓടിയെത്തിയ മാധ്യമപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.
Content Highlight: India reacts to killing of journalists in Gaza: ‘Shocking, deeply regrettable’