| Sunday, 5th July 2026, 11:55 am

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വീണ്ടും പിന്നിലേക്ക്, 125ാം റാങ്കില്‍; വിസരഹിത യാത്ര 26 രാജ്യങ്ങളില്‍ മാത്രം

ആദർശ് എം.കെ.

ന്യൂദല്‍ഹി: റെസിഡന്‍സി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഡൈ്വസറി സ്ഥാപനമായ ഗ്ലോബല്‍ സിറ്റിസണ്‍ സൊല്യൂഷന്‍സ് (ജി.സി.എസ്) പുറത്തിറക്കിയ 2026ലെ ഗ്ലോബല്‍ പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ (ജി.പി.ഐ) ഇന്ത്യ 125ാം സ്ഥാനത്ത്.

ആകെ 197 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍, കഴിഞ്ഞ വര്‍ഷം 124ാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് ഇത്തവണ ഒരു സ്ഥാനം നഷ്ടമായി. എങ്കിലും, ഇന്ത്യയുടെ ആകെ സ്‌കോര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 45.1ല്‍ എത്തിയിട്ടുണ്ട്.

സാധാരണയായി വിസ രഹിത യാത്രകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ നിന്ന് വ്യത്യസ്തമായി, കേവലം മറ്റ് രാജ്യാതിര്‍ത്തികള്‍ കടക്കുന്നതിനപ്പുറം ആഗോള പൗരത്വം അളക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്ലോബല്‍ പാസ്പോര്‍ട്ട് ഇന്‍ഡക്‌സ് റാങ്കിങ് നിശ്ചയിക്കുന്നത്.

സൂചികയുടെ പ്രധാന മാനദണ്ഡങ്ങളും ഇന്ത്യയുടെ പ്രകടനവും

യാത്രാ സ്വാതന്ത്ര്യം(Enhanced Mobility 50% വെയ്‌റ്റേജ്): വിസ രഹിത യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ വിഭാഗത്തില്‍ ഇന്ത്യ 136ാം സ്ഥാനത്താണ്.

നിക്ഷേപ സാധ്യത(Investment Potential – 25% വെയ്‌റ്റേജ്): സാമ്പത്തിക അവസരങ്ങള്‍ വിലയിരുത്തുന്ന ഈ വിഭാഗത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ 97ാം സ്ഥാനത്തു നിന്നും 94ാം സ്ഥാനത്തേക്ക് മുന്നേറി.

ജീവിത നിലവാരം (Quality of Living 25% വെയ്‌റ്റേജ്): ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ എന്നിവ പരിഗണിക്കുന്ന ഈ വിഭാഗത്തില്‍ ഇന്ത്യ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 118ാം സ്ഥാനത്തെത്തിയിട്ടുണ്ട്.

യാത്രാ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ പിന്നിലാണെങ്കിലും സാമ്പത്തിക നിക്ഷേപ സാധ്യതകളിലും ജീവിത നിലവാരത്തിലും രാജ്യം നേരിയ പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് ഈ സൂചികകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് നിലവില്‍ 26 രാജ്യങ്ങളിലേക്ക് വിസ രഹിതമോ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവലോ ആയി യാത്ര ചെയ്യാന്‍ സാധിക്കും. ഭൂട്ടാന്‍, നേപ്പാള്‍, ജമൈക്ക, മക്കാവു, ഫലസ്തീന്‍, ടുണീഷ്യ, അംഗോള, ബാര്‍ബഡോസ് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ അമേരിക്ക, യുണൈറ്റഡ് കിങ്ഡം, ജര്‍മനി, ഫ്രാന്‍സ്, ചൈന, യു.എ.ഇ തുടങ്ങിയ പ്രമുഖ ആഗോള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും വിസ ആവശ്യമാണ്.

അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍, 2021ല്‍ 127-ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ച് വര്‍ഷത്തിനിടയില്‍ നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.

നിലവിലെ പട്ടിക പ്രകാരം നമീബിയ (124), അസര്‍ബൈജാന്‍ (126) എന്നിവരാണ് ഇന്ത്യയ്ക്ക് മുമ്പിലും പിറകിലുമായി ഉള്ളത്.

2026ലെ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ സ്വീഡനാണ് ഒന്നാമത്. 96.05 സ്‌കോറോടെയാണ് സ്വീഡന്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടായി മാറിയത്.

യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ പ്രധാനമായും ആധിപത്യം പുലര്‍ത്തുന്നത്.

സ്വിറ്റ്സര്‍ലന്‍ഡ് (2), ഫിന്‍ലാന്‍ഡ് (3) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ജര്‍മനി, നെതര്‍ലന്‍ഡ്സ്, ഡെന്മാര്‍ക്ക്, അയര്‍ലന്‍ഡ്, യു.കെ, നോര്‍വേ, സിംഗപ്പൂര്‍ എന്നിവ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ച ഏക യൂറോപ്യന്‍ ഇതര രാജ്യമാണ് സിംഗപ്പൂര്‍.

താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനാണ് 197ാം സ്ഥാനത്തോടെ പട്ടികയില്‍ ഏറ്റവും പിന്നില്‍.

Content Highlight: India ranks 125th in the 2026 Global Passport Index (GPI).

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more