ന്യൂദല്‍ഹി: യു.എസിലേക്കുള്ള തപാല്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ച് ഇന്ത്യ. തീരുമാനം ഈ മാസം 25ന് പ്രാബല്യത്തില്‍ വരും. ട്രംപിന്റെ പുതിയ കസ്റ്റംസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ഡ്യൂട്ടി ഫ്രീ ഇളവിലും നികുതി ഈടാക്കലിലുമുള്ള അവ്യക്തതയാണ് നടപടിക്ക് പിന്നിലെ കാരണം.
‘യു.എസ് ചുമത്തിയ തീരുവ പിരിച്ചെടുക്കാനും അയക്കാനും നിലവില്‍ ഒരു സംവിധാനവും നിലവിലില്ലാത്തതിനാലാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായത്,’ ഇന്ത്യ പോസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എല്‍.കെ. ഡാഷ് പറഞ്ഞു.
നിലവില്‍ തീരുവ പിരിച്ചെടുക്കാനും അയക്കുന്നതിനും വേണ്ടി ഒരു ഏജന്‍സിയുമായും കരാറില്‍ എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ തീരുമാനം എത്രകാലത്തേക്ക് നീണ്ടുപോകുമെന്ന് അറിയില്ലെന്നും യു.എസിന്റെ നീക്കം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ഡാഷ് പ്രതികരിച്ചു.
ഇനിമുതല്‍ 100 ഡോളര്‍ വരെയുള്ള കത്തുകള്‍, രേഖകള്‍, സമ്മാന ഇനങ്ങള്‍ എന്നിവ മാത്രമേ ഇന്ത്യ പോസ്റ്റ് സ്വീകരിക്കുകയുള്ളു. പാഴ്സലുകള്‍ അയക്കാന്‍ ബുക്ക് ചെയ്തിട്ടുള്ളതും എന്നാല്‍ തപാല്‍ അയക്കാന്‍ കഴിയാത്തതുമായ ഉപഭോക്താക്കള്‍ക്ക് തപാല്‍ ചാര്‍ജ് തിരിച്ചുനല്‍കുമെന്നും ഇന്ത്യ പോസ്റ്റ് അറിയിച്ചു.
ഓഗസ്റ്റ് 29 മുതല്‍, 800 ഡോളറില്‍ താഴെയുള്ള സാധനങ്ങള്‍ക്ക് കുറഞ്ഞ രേഖകളോടെ യു.എസിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന ‘ഡി മിനിമീസ്’ നിയമം നിര്‍ത്തലാക്കുമെന്ന് അമേരിക്ക ജൂലൈയില്‍ അറിയിച്ചിരുന്നു.
അതായത് ട്രംപിന്റെ പുതിയ എക്‌സിക്യൂട്ടിവ് ഉത്തരവ് അനുസരിച്ച് 100 ഡോളറില്‍ താഴെയുള്ള സാധനങ്ങള്‍ ഒഴികെ യു.എസിലേക്ക് പ്രവേശിക്കുന്ന എല്ലാ പാഴ്‌സലുകള്‍ക്കും നിലവില്‍ കസ്റ്റംസ് തീരുവ ബാധകമാണ്.
കൂടാതെ എയര്‍ലൈനുകളും മറ്റ് അംഗീകൃത ഏജന്‍സികളും പാഴ്‌സലുകളില്‍ കസ്റ്റംസ് തീരുവ പിരിക്കണമെന്നും അടയ്ക്കണമെന്നും യു.എസ് ഉത്തരവില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ നടപടിക്രമങ്ങള്‍ എങ്ങനെ പ്രവൃത്തിക്കും, ഏജന്‍സികള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ യു.എസ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് യു.എസിലേക്കുള്ള തപാല്‍ സേവനം ഇന്ത്യ പോസ്റ്റ് നിര്‍ത്തലാക്കിയത്.
Content Highlight: India Post suspends postal services to the US