| Friday, 15th May 2026, 7:11 am

വീണ്ടും ഇരുട്ടടി; ഇന്ധന വില വര്‍ധിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. 2.86 രൂപ മുതല്‍ 3.29 രൂപ വരെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വില വര്‍ധിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.27  രൂപ വച്ചാണ് കേരളത്തില്‍ വര്‍ധിക്കുക. പുതിയ നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

തിരുവനന്തപുരത്ത് പെട്രോളിന് 110.75 രൂപയും ഡീസലിന് 99.6 രൂപയുമാണ് പുതിയ നിരക്ക്. കൊച്ചിയില്‍ പെട്രോള്‍ വില 108.78 രൂപയും ഡീസല്‍ വില 97.78 രൂപയുമായി വര്‍ധിക്കും. കോഴിക്കോട്ട് പെട്രോളിന് 109.07 രൂപയും ഡീസലിന് 97.47 രൂപയുമായി വില ഉയരും.

സി.എന്‍.ജി. വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. സി.എന്‍.ജി. വില കിലോഗ്രാമിന് രണ്ട് രൂപയാണ് കൂടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിറകെയാണ് രാജ്യത്ത് ഇപ്പോള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയായിരുന്നു അന്ന് വര്‍ധിപ്പിച്ചത്.  ഇന്ധന വില വര്‍ധന രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാവും. ഉടന്‍ തന്നെ ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

വാണിജ്യ എല്‍.പി.ജി വിലവര്‍ധനവ് രാജ്യത്ത് പ്രതിഷേധങ്ങള്‍ക്കും കാരണമായി. ഹോട്ടല്‍ വ്യവസായത്തെയടക്കം വിലവര്‍ധനവ് ബാധിക്കുകയും ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടായ വിലക്കയറ്റം ചൂണ്ടിക്കാട്ടിയായിരുന്നു എല്‍.പി.ജി. വില വര്‍ധന. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ്, ഡി.എം.കെ, എസ്.പി, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ ആരോപിച്ചിരുന്നു.

Content Highlights: Fuel Price Hike: Petrol, diesel rates raised by up to Rs 3/litre

We use cookies to give you the best possible experience. Learn more