| Thursday, 28th August 2025, 9:56 am

ആണവയുദ്ധത്തിലായിരിക്കും അവസാനിക്കുക, നാളെ എന്നെ തിരിച്ചു വിളിക്കണം; മോദിയുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് പോകുന്നത് തടഞ്ഞുവെന്ന അവകാശ വാദവുമായി വീണ്ടും ട്രംപ്.

ഇന്ത്യക്കെതിരായ യു.എസിന്റെ അധിക തീരുവകള്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്.

വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ അധിക തീരുവ ചുമത്തുമെന്നും വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുമെന്നും മോദിയോട് താന്‍ പറഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു.വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

‘ഞാന്‍ സംസാരിച്ചത് നരേന്ദ്ര മോദിയെന്ന ഗംഭീരനായ മനുഷ്യനോടാണ്. ഞാന്‍ മോദിയോട് ചോദിച്ചു, നിങ്ങള്‍ക്കും പാകിസ്ഥാനും ഇടയില്‍ എന്താണ് സംഭവിക്കുന്നത്. നിങ്ങള്‍ക്കിടയിലെ വിദ്വേഷം വളര്‍ന്നുകൊണ്ടിരിക്കുന്നു. നൂറുകണക്കിന് വര്‍ഷങ്ങളായി അത് തുടരുന്നു. നിങ്ങളുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് ആണവയുദ്ധത്തിലാണ് കലാശിക്കാന്‍ പോകുന്നത്. നാളെ എന്നെ തിരിച്ചുവിളിക്കൂ എന്ന് ഞാന്‍ മോദിയോട് പറഞ്ഞു. എന്നാല്‍ നിങ്ങളുമായി ഒരു കരാറിലും ഏര്‍പ്പെടാന്‍ പോകുന്നില്ല. പക്ഷെ, നിങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തും,’ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ട്രംപ് പറഞ്ഞു.

മോദിയുമായുള്ള സംഭാഷണത്തിന് അഞ്ചുമണിക്കൂറിന് ശേഷം ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തിലിന് വഴങ്ങിയെന്നും എന്നാല്‍ വീണ്ടും തുടങ്ങാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ ട്രംപ് സംഘര്‍ഷം വീണ്ടും വന്നാല്‍ താന്‍ അത് നിര്‍ത്തുമെന്നും അവകാശപ്പെട്ടു.

ഏഴ് വിമാനങ്ങളോ അതില്‍ കൂടുതലോ താന്‍ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട ട്രംപ് എന്നാല്‍ ഏത് രാജ്യത്തിന്റെ വിമാനമാണെന്ന് പരാമര്‍ശിച്ചിട്ടില്ല. യുദ്ധവിമാനങ്ങള്‍ വീണതിന്റെ തെളിവുകള്‍ ട്രംപ് വ്യക്തമാക്കിയിട്ടില്ല.

ആറ് മാസത്തിനുള്ളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു എന്ന അവകാശവാദം ട്രംപ് മുമ്പ് ഉന്നയിച്ചിരുന്നു.

ഇറാന്റെ ആണവകേന്ദ്രങ്ങളെ തകര്‍ത്തു.ചര്‍ച്ചകള്‍ നടത്തി നൂറ് കണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രഈലിലേക്കും അമേരിക്കയിലേക്കും അയച്ചുവെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണ രണ്ട് സൈന്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡി.ജി.എം.ഒ) തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകളെ തുടര്‍ന്നാണെന്ന് ഇന്ത്യ വാദിച്ചിരുന്നു.

ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലും പറഞ്ഞിരുന്നു.

Content Highlight: India-Pakistan war prevented ‘nuclear war’ says Donald Trump

We use cookies to give you the best possible experience. Learn more