| Saturday, 10th May 2025, 10:46 am

ഇന്ത്യ-പാക് സംഘര്‍ഷം; വ്യാജ വാര്‍ത്തകളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ധ്രുവ് റാഠി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം സംബന്ധിച്ച വ്യാജ വാര്‍ത്തകളില്‍ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ബഹിഷ്‌ക്കരണാഹ്വാനവുമായി ഇൻഫ്ലുവൻസർ ധ്രുവ് റാഠി. സെന്‍സിറ്റീവായ ഒരു സമയത്ത് വ്യാജ വാര്‍ത്തകള്‍ നല്‍കരുതെന്നും ഈ ചാനലുകള്‍ കണ്ട് സമയം കളയരുതെന്നും ധ്രുവ് റാഠി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ധ്രുവ് വിമര്‍ശനം ഉയര്‍ത്തിയത്.

രാജ്യത്തെ ചില മാധ്യമങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യാജ വാര്‍ത്തകളിലൂടെ ഭീതി ഉണ്ടാക്കുകയാണെന്നും ധ്രുവ് പറഞ്ഞു. കഴിഞ്ഞ രാത്രിയില്‍ ഒന്നിലധികം വ്യാജ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും ധ്രുവ് റാഠി ചൂണ്ടിക്കാട്ടി.

സീ ന്യൂസ്, ടൈംസ് നൗ അടക്കമുള്ള ഏതാനും ചാനലുകള്‍ നല്‍കിയ വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ധ്രുവ് റാഠിയുടെ വീഡിയോ. ഇന്നലെ (വെള്ളി)യാണ് ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ധ്രുവ് വീഡിയോ പങ്കുവെക്കുന്നത്.

വെള്ളിയാഴ്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ സാഗരിക ഘോഷും സി.പി.ഐ.എം കേന്ദ്ര നേതൃത്വവും ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഏറ്റവും വലിയ, ഞെട്ടിപ്പിക്കുന്ന ഒരു ദുരന്തത്തിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം കണ്ടഇന്ത്യയിലെ മിക്ക ടി.വി മാധ്യമങ്ങള്‍ എന്നായിരുന്നു സാഗരിക ഘോഷ് പറഞ്ഞത്. ഇവര്‍ പൊതുജനങ്ങള്‍ക്ക് നേരെ മണിക്കൂറുകളോളം വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന നുണകളും അഴിച്ചുവിട്ടുവെന്നും സാഗരിക പ്രതികരിച്ചിരുന്നു.

വളരെ സെന്‍സിറ്റീവും പിരിമുറുക്കവുമുള്ള സമയങ്ങളില്‍ ഓരോ വാര്‍ത്തയും പുറത്തുവിടുന്നതിന് മുമ്പ്, മാധ്യമങ്ങള്‍ അവ ദയവായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സാഗരിക എക്സില്‍ കുറിച്ചിരുന്നു. സത്യം പറയുക എന്നതാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ കടമയെന്നും സാഗരിക ചൂണ്ടിക്കാട്ടിയിരുന്നു.

ഉത്തരവാദിത്തമില്ലാത്ത, ടി.ആര്‍.പി പിന്തുടരുന്ന മാധ്യമങ്ങള്‍ ആവേശഭരിതരാകാതിരിക്കാനും പരിഭ്രാന്തരാകാതിരിക്കാനും പൗരന്മാരെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാനും സര്‍ക്കാര്‍ പതിവായി വാര്‍ത്താക്കുറിപ്പുകള്‍ പുറത്തിറക്കണമെന്നും സാഗരിക ഘോഷ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു സാഗരിക ഇക്കാര്യം മുന്നോട്ടുവെച്ചത്.

ഇതിനിടെ തങ്ങളുടെ വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതായി ദി വയര്‍ പ്രസ്താവന പുറത്തിറക്കി. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ടായിരുന്നു ദി വയറിന്റെ പ്രസ്താവന.

തുടര്‍ന്നാണ് സി.പി.ഐ.എം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. വിശ്വസനീയമായ പോര്‍ട്ടലുകളെ ലക്ഷ്യമിട്ട്, വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നാണ് സി.പി.ഐ.എം പ്രതികരിച്ചത്.

Content Highlight: India-Pakistan conflict; Dhruv Rathee calls for boycott against Indian media over fake news

We use cookies to give you the best possible experience. Learn more