വാഷിങ്ടണ്‍: ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന ഇന്ത്യയുടെ വാദം തള്ളി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാരം ആയുധമാക്കി താന്‍ തന്നെയാണ് രണ്ട് രാജ്യങ്ങളേയും വെടിനിര്‍ത്തലിന് സമ്മതിപ്പിച്ചതെന്ന നിലപാട് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. സൗദി-യു.എസ് ഇന്‍വെസ്റ്റ് ഫോറത്തില്‍ സംസാരിക്കുമ്പോഴായായിരുന്നു ട്രംപിന്റെ അവകാശവാദം.
തന്റെ പ്രസംഗത്തിനിടെ സ്വയം പീസ് മേക്കര്‍ എന്ന് വിശേഷിപ്പിച്ച ട്രംപ് താന്‍ ഇന്ത്യയോടും പാകിസ്ഥാനോടും ആണവ മിസൈലുകള്‍ക്ക് പകരം സാധനങ്ങള്‍ വ്യാപാരം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും അവകാശപ്പെട്ടിട്ടുണ്ട്.
‘കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം തടയാന്‍ എന്റെ ഭരണകൂടം ചരിത്രപരമായ ഒരു വെടിനിര്‍ത്തല്‍ വിജയകരമായി നടപ്പാക്കി. അവിടെ ഞാന്‍ വ്യാപാരമാണ് ഉപയോഗിച്ചത്. നമുക്ക് ഒരു കരാറില്‍ ഏര്‍പ്പെടാം, കുറച്ച് വ്യാപാരം നടത്താം എന്ന് ഞാന്‍ പറഞ്ഞു. നമ്മള്‍ ആണവ മിസൈലുകള്‍ വ്യാപാരം ചെയ്യരുതെന്ന് ഞാന്‍ പറയുകയും പകരം നിങ്ങള്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ വളരെ മനോഹരമായി വ്യാപാരം ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. രണ്ട് രാജ്യങ്ങള്‍ക്കും വളരെ ശക്തരായ നേതാക്കളും ഉണ്ട്,’ ട്രംപ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് ചൂണ്ടിക്കാട്ടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയേയും ട്രംപ് പ്രശംസിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനോടും ട്രംപ് നന്ദി പറയുകയുണ്ടായി.
ഇരുരാജ്യങ്ങളേയും ഒരുമിച്ച് കൊണ്ടുവരാന്‍ നമുക്ക് കഴിയുമെന്നും ട്രംപ് വേദിയില്‍ വെച്ച് മാര്‍ക്കോ റൂബിയയോട് പറയുകയുണ്ടായി.
കഴിഞ്ഞ ദിവസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം വിദേശകാര്യ വക്താവ് തള്ളിയിരുന്നു.
കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ നടത്തിയ പത്ര സമ്മേളത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ഡി.ജി.എം.ഒ തലത്തില്‍ മാത്രമാണ് ചര്‍ച്ച നടന്നതെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചിരുന്നു. വെടിനിര്‍ത്തലിനായി പാകിസ്ഥാനാണ് ഇന്ത്യയെ സമീപിച്ചതെന്നും ശക്തമായി തിരിച്ചടിക്കുമെന്ന ഇന്ത്യയുടെ നിലപാട് ലോകരാഷ്ട്രങ്ങള്‍ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാകുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.
Content Highlight: India-Pakistan ceasefire; Trump rejects India's claim that no third party intervened