| Tuesday, 24th June 2025, 11:56 am

ഇന്ത്യ-പാക് വ്യോമാതിര്‍ത്തി നിയന്ത്രണ കാലാവധി നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനിച്ച വ്യോമാതിര്‍ത്തി നിയന്ത്രണ കാലാവധി ഇന്ത്യ ജൂണ്‍ 24വരെ നീട്ടി. പാക് ഉടമസ്ഥതയിലുള്ള വിമാനങ്ങളും മറ്റും ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കുന്നത് ഇന്ത്യ വിലക്കിയിരുന്നു. ഇത് സംബന്ധിച്ച കാലാവധിയാണ് നീട്ടിയത്.

പാകിസ്ഥാന്‍ എയര്‍ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നതോ ഉടമസ്ഥതയിലുള്ളതോ വാടകയ്‌ക്കെടുത്തതോ ആയ വിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ക്കും ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കുന്നത് നിയന്ത്രിച്ചിരുന്നു. ഏപ്രില്‍ 30 മുതല്‍ പ്രസ്തുത വിലക്ക് നിലനില്‍ക്കുന്നുണ്ട്.

ഏപ്രില്‍ 26ന് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസ്തുത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളിലൊന്നായിരുന്നു പ്രസ്തുത നിരോധനം ഏര്‍പ്പെടുത്തിയത്.

മെയ് 24ന് അവസാനിക്കേണ്ടിയിരുന്ന നിരോധനം ജൂണ്‍ 24ലേക്ക് നീട്ടിയിരുന്നു. ഇന്ന് നിരോധനം അവസാനിക്കാനിരിക്കെയാണ് ഒരു മാസത്തേക്ക് കൂടി, ജൂലൈ 24ലേക്ക് നീട്ടിയത്.

അതേസമയം ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമാതിര്‍ത്തി നിയന്ത്രണം പാകിസ്ഥാനും നീട്ടിയിട്ടുണ്ട്. ജൂണ്‍ 24 വരെയാണ് പാകിസ്ഥാന്‍ നിയന്ത്രണ കാലാവധി നീട്ടിയിരിക്കുന്നത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും വ്യോമാതിര്‍ത്തി നിയന്ത്രണം ഇരുരാജ്യങ്ങളും ഒഴിവാക്കാന്‍ തയ്യാറായിരുന്നില്ലെന്നാണ് വിവരം.

Content Highlight: India-Pakistan airspace restrictions extended

We use cookies to give you the best possible experience. Learn more