| Thursday, 21st December 2017, 6:32 pm

കുല്‍ഭൂഷന്‍ ജാദവ്; കൂടിക്കാഴ്ചക്ക് മുന്നോടിയായി നടപടിക്രമങ്ങള്‍ തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാനുള്ള ഭാര്യയുടെയും അമ്മയുടെയും കൂടിക്കാഴ്ചക്ക് മുന്നോടിയായി നടപടിക്രമങ്ങള്‍ തുടങ്ങി. ഇന്ത്യയും പാക്കിസ്ഥാനും ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എപ്പോഴാണ് പോകുന്നത്, എങ്ങിനെയാണ് പോകുന്നത്, എവിടെ വെച്ചാണ് കൂടിക്കാഴ്ച്ച നടത്തുന്നത് എന്നതിനെ ക്കുറിച്ചുള്ള കാര്യങ്ങളാണ് ഇരു രാജ്യങ്ങളും ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യക്കു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് മുന്‍നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു കുല്‍ഭൂഷണ്‍ യാദവിന് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്.

കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ കുറ്റപത്രത്തിന്റെയും വിധിയുടേയും പകര്‍പ്പ് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക സമീപനമായിരുന്നു പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.

എപ്രില്‍ മാസത്തില്‍ തന്റെ മകനെ കാണണമെന്ന് കുല്‍ഭുഷന്റെ അമ്മ പാക് ഗവണ്‍മെന്റിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മാനുഷിക പരിഗണന പാലിച്ചാണ് കൂടിക്കാഴ്ച്ചക്ക് പാക് കോടതി അനുമതി നല്‍കിയത്.

പാകിസ്ഥാനില്‍ വച്ചു തന്നെയായിരിക്കും കൂടിക്കാഴ്ച്ചയെന്നും ഇതു സംബന്ധിച്ച് പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് പാകിസ്ഥാന്‍ അറിയിപ്പ് നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more