| Sunday, 11th May 2025, 6:38 pm

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍: കമന്റ് ബോകിസില്‍ ഭാര്യയ്ക്കും മകള്‍ക്കുമടക്കം അധിക്ഷേപം; എക്‌സ് പ്രൊഫൈല്‍ ലോക്ക് ചെയ്ത് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ ദേശീയ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം ശക്തം. സൈബര്‍ ആക്രമണത്തെതുടര്‍ന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ്.

ദിവസങ്ങളായി തുടരുന്ന ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളും സൈനിക നടപടികളും ഇന്ത്യയിലെ പൊതുസമൂഹത്തെ അറിയിച്ചിരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് ഉദ്യോഗസ്ഥനായിരുന്നു മിസ്രി. എന്നാല്‍ ഉഭയസമ്മത പ്രകാരം സൈനിക നടപടി നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചതാണ് ഒരുകൂട്ടം ആളുകളെ പ്രകോപിപ്പിച്ചത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രകോപിതരായ ചിലര്‍ വിക്രം മിസ്രി സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച കുടുംബ ചിത്രങ്ങളുടെ കമന്റ് ബോക്‌സിലടക്കം വിദ്വേഷ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് തന്റെ അക്കൗണ്ട് ലോക്ക് ചെയ്യേണ്ടി വന്നത്.

അദ്ദേഹത്തിന്റെ നടപടിക്ക് പിന്നാലെ മിസ്രിയെ പിന്തുണച്ച് ലോക്‌സഭ എം.പി അസദുദ്ദീന്‍ ഒവൈസിയടക്കം രംഗത്ത് എത്തിയിരുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന സത്യസന്ധനായ ഒരു നയതന്ത്രജ്ഞനാണ് വിക്രം മിസ്രിയെന്ന് ഒവൈസി പറഞ്ഞു. നമ്മുടെ സിവില്‍ സര്‍വീസുകാര്‍ എക്‌സിക്യൂട്ടീവിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഓര്‍മിക്കേണ്ടതാണെന്നും എക്‌സിക്യൂട്ടീവ് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്തരുതെന്നും ഒവൈസി അഭിപ്രായപ്പെട്ടു.

കുടുംബത്തിനെതിരായ സൈബര്‍ ആക്രണത്തിന് പിന്നാലെ വിക്രം മിസ്രി അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്തു എന്ന് പറഞ്ഞ് ആല്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ഒവൈസിയുടെ പ്രതികരണം.

വിദേശകാര്യ സെക്രട്ടറിയെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള ട്രോളുകള്‍ തികച്ചും വെറുപ്പുളവാക്കുന്നതാണെന്ന് യു.എ.ഇ, ഈജിപ്ത് മുന്‍ ഇന്ത്യന്‍ അംബാസഡറും ഓസ്ട്രേലിയയിലെ ഹൈക്കമ്മീഷണറുമായ നവ്ദീപ് സൂരിയും വ്യക്തമാക്കിയിട്ടുണ്ട്.

2024 ജൂലൈ 15നാണ് വിക്രം മിസ്രി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. 1989 ബാച്ചിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ മിസ്രി വിദേശകാര്യ മന്ത്രാലയത്തിലും ന്യൂദല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ ഇന്ത്യന്‍ മിഷനുകളിലും അംബാസിഡറായും മറ്റ് വിവിധ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Content Highlight: India-Pak  ceasefire; Cyber Attack against foreign secretary Vikram Misri and family; he loked X profile

We use cookies to give you the best possible experience. Learn more