| Thursday, 12th November 2026, 10:46 pm

കോഹ്ലിയ്ക്കും രോഹിതിനും രണ്ട്, ഗില്ലിന് പത്ത്, ഏറ്റവും മുകളില്‍ സച്ചിന്‍; ക്യാപ്റ്റന്‍ ശ്രേയസിനെത്ര കിട്ടും?

ദേവിക ജയചന്ദ്രന്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിനപരമ്പരയിലെ നാലാമത്തെ മത്സരം വെള്ളിയാഴ്ച മൗണ്ട് മൗംഗനുയിലെ ബേ ഓവലില്‍ വെച്ച് നടക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ പരമ്പരയില്‍ ലീഡ് ചെയ്യുകയാണ്. മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

നവംബര്‍ 19ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി ശുഭ്മന്‍ ഗില്‍ വെല്ലിങ്ടണിലേക്ക് പോയതിനാല്‍ ശ്രേയസ് അയ്യരാണ് ഇന്ത്യയെ അവസാന രണ്ട് മത്സരങ്ങളില്‍ നയിക്കുക. ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ ആയ ശ്രേയസ് ആദ്യമായാണ് ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാന്‍ പോകുന്നത്.

ഇന്ത്യയുടെ 29ാമത് ഏകദിന ക്യാപ്റ്റന്‍ ആയാണ് ശ്രേയസ് കളത്തിലിറങ്ങുക. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ എത്ര റണ്‍സ് നേടുമെന്നതാണ് ഇപ്പോള്‍ ചര്‍ച്ച.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ മികച്ച ഏകദിന ക്യാപ്റ്റന്‍മാര്‍ ആയിരുന്നെങ്കിലും ഇവരുടെ അരങ്ങേറ്റം മികച്ചതായിരുന്നില്ല. ഇരുവരും ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്.

എന്നാല്‍ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ്. 1996ല്‍ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 110 റണ്‍സ് ആണ് സച്ചിന്‍ നേടിയത്.

28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ധോണിയ്ക്ക പക്ഷേ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. വെങ്കട്ടരാഘവന്‍, മൊഹീന്ദര്‍ അമര്‍നാഥ്, അനില്‍ കുംബ്ലെ എന്നിവരും ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയില്ല.

ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ 67 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ റണ്‍സ് നേടിയവര്‍ (താരം, റണ്‍സ് എന്ന ക്രമത്തില്‍)

(താരം-സ്‌കോര്‍ എന്ന ക്രമത്തില്‍)

അജിത് വഡേക്കര്‍-67

എസ്. വെങ്കിട്ടരാഘവന്‍-ബാറ്റ് ചെയ്തില്ല

ബി.എസ്. ബേദി-4*

സുനില്‍ ഗവാസ്‌കര്‍-4

ഗുണ്ടപ്പ വിശ്വനാഥ്-5

കപില്‍ ദേവ്-49

സയ്യിദ് കിര്‍മാണി-6*

മൊഹീന്ദര്‍ അമര്‍നാഥ്-ബാറ്റ് ചെയ്തില്ല

രവി ശാസ്ത്രി-50

ദിലീപ് വെങ്‌സര്‍ക്കാര്‍-8

കൃഷ്ണമാചാരി ശ്രീകാന്ത്-11

മുഹമ്മദ് അസ്ഹറുദ്ദീന്‍-12

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-110

അജയ് ജഡേജ-50

സൗരവ് ഗാംഗുലി-32

രാഹുല്‍ ദ്രാവിഡ്-6

അനില്‍ കുംബ്ലെ-ബാറ്റ് ചെയ്തില്ല

വീരേന്ദര്‍ സെവാഗ്-43

എം.എസ്. ധോണി-ബാറ്റ് ചെയ്തില്ല

സുരേഷ് റെയ്‌ന-37

ഗൗതം ഗംഭീര്‍-38

വിരാട് കോഹ്ലി-2

അജിങ്ക്യ രഹാനെ-34

രോഹിത് ശര്‍മ-2

ശിഖര്‍ ധവാന്‍-86*

കെ.എല്‍. രാഹുല്‍-12

ഹാര്‍ദിക് പാണ്ഡ്യ-25

ശുഭ്മന്‍ ഗില്‍-10

ശുഭ്മന്‍ ഗില്ലിനോടൊപ്പം കെ.എൽ രാഹുൽ, അൻഷുൽ കാംബോജ് എന്നിവരും ടെസ്റ്റ് തയ്യാറെടുപ്പുകൾക്കായി ടീം വിട്ടിട്ടുണ്ട്. ഇതോടെ നാലാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ  മൂന്ന് മാറ്റങ്ങളെങ്കിലുമുണ്ടാകുമെന്നുറപ്പായി. ഇവരുടെ പകരക്കാരായി തിലക് വര്‍മ, കുമാര്‍ കുശാഗ്ര, യഷ് താക്കൂര്‍ എന്നിവരെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യ മൂന്ന് ഏകദിനങ്ങളിലും ആദ്യ ഇലവനില്‍ അവസരം ലഭിക്കാതിരുന്ന ഇഷാന്‍ കിഷന്‍ നാലാം ഏകദിനത്തില്‍ കളിക്കാന്‍ സാധ്യതയുണ്ട്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങുക ഇഷാന്‍ കിഷനായിരിക്കും. രാഹുല്‍ പോയ ഒഴിവില്‍ വിക്കറ്റ് കീപ്പറും ഇഷാനായിരിക്കും.

Content Highlight: India ODI captains complete list as Shreyas Iyer set to lead team in 4th ODI vs. New Zealand

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more