| Tuesday, 23rd December 2025, 8:19 am

ഹക്ക പ്രതിഷേധത്തിനിടയിലും ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 2025 മാര്‍ച്ചില്‍ ആരംഭിച്ച ചര്‍ച്ചകള്‍ അഞ്ച് ഘട്ടമായാണ് പൂര്‍ത്തിയായത്. മൂന്ന് മാസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെക്കും.

‘ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ല്. വെറും ഒമ്പത് മാസത്തിനുള്ളില്‍ അവസാനിച്ച ഈ ചരിത്രപരമായ നിമിഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുന്നു,’ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.

ന്യൂസിലാന്‍ഡില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള തീരുവകള്‍ പിന്‍വലിക്കുക എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍, ഇന്ത്യയിലെ ടെക്സ്റ്റൈല്‍സ്, ചെരുപ്പ്, കരകൗശല വസ്തുക്കള്‍, ഓട്ടോ-മൊബൈല്‍ ഉത്പന്നങ്ങള്‍, എഞ്ചിനീയറിങ് ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് സഹായകമാകും.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും വ്യവസ്ഥയുണ്ട്. കരാര്‍ പ്രകാരം, ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ന്യൂസിലാന്‍ഡ് ഉത്പന്നങ്ങളുടെ 95 ശതമാനം തീരുവ ഒഴിവാക്കാനോ വെട്ടികുറയ്ക്കാനോ സാധ്യതയുണ്ട്.

വരുന്ന 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ 20 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപത്തിനും ഒരുങ്ങുന്നുണ്ട്. ഇന്ത്യ-യു.എസ് ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ തീരുമാനം.

തൊഴില്‍, കാര്‍ഷിക മേഖലയിലെ പുത്തന്‍ ടെക്നോളജി, ഗവേഷണം, തേന്‍-കിവിഫ്രൂട്ട് എന്നിവയ്ക്കുള്ള പദ്ധതികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലയിലായിരിക്കും ന്യൂസിലാന്‍ഡിന്റെ നിക്ഷേപം. അതേസമയം ന്യൂസിലാന്‍ഡില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങളെ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ പൗരന്മാരെ ന്യൂസിലാന്‍ഡിലെ സേവന മേഖലയിലേക്ക് വ്യാപകമായി ആകര്‍ഷിക്കുന്ന കരാര്‍ കൂടിയാണിത്. ആരോഗ്യം, ബിസിനസ്, നിര്‍മാണം, ടൂറിസം, ഐ.ടി. ധനകാര്യം തുടങ്ങിയ മേഖലയ്ക്കും കരാറിന്റെ പ്രയോജനമുണ്ടാകും.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും മികച്ച വിസ സൗകര്യങ്ങളും ന്യൂസിലാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടെ ന്യൂസിലാന്‍ഡിലേക്കുള്ള ഇന്ത്യന്‍ പൗരന്മാരുടെ കുടിയേറ്റം വര്‍ധിക്കും. നിലവില്‍ ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ആകെ ജനസംഖ്യയുടെ ആറ് ശതമാനവും ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍.

2024ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 1.81 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഔഷധ ഉത്പന്നങ്ങളും ന്യൂസിലാന്‍ഡില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളുമാണ് ഉള്‍പ്പെടുന്നത്.

അതേസമയം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കെതിരെ ന്യൂസിലാന്‍ഡിലെ ഒരു വിഭാഗം യുവാക്കള്‍ നടത്തിയ ഹക്ക പ്രതിഷേധത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായത്.

Content Highlight: India-New Zealand free trade agreement talks complete despite Haka protests

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more