അന്താരാഷ്ട്ര ടി-20യില്‍ തങ്ങള്‍ അര്‍ധ സെഞ്ച്വറി നേടിയ ഒറ്റ മത്സരത്തില്‍ പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല, ഇങ്ങനെയൊരു റെക്കോഡ് മൂന്ന് ഇന്ത്യന്‍ താരങ്ങളുടെ പേരിലുണ്ട്. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, യശസ്വി ജെയ്‌സ്വാള്‍, മൂവരും 50+ സ്‌കോര്‍ നേടിയ ഒറ്റ മത്സരത്തില്‍ പോലും ഇന്ത്യയ്ക്ക് തോല്‍വിയറിയേണ്ടി വന്നിട്ടില്ല.
രണ്ട് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറിയുമടക്കം ഏഴ് തവണയാണ് അഭിഷേക് ശര്‍മ ടി-20യില്‍ 50+ സ്‌കോര്‍ നേടിയത്. സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സിംബാബ്‌വേ, ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ട് എന്നിവരായിരുന്നു എതിരാളികള്‍. ഇവര്‍ക്കെതിരെ യഥാക്രമം 50, 61, 74, 75, 79, 100, 135 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍.
മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും, അതാണ് അന്താരാഷ്ട്ര ടി-20യില്‍ സഞ്ജു സാംസണിന്റെ മികച്ച പ്രകടനം. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ രണ്ട് തവണയും ബംഗ്ലാദേശിനെതിരെ ഒരു തവണയും സെഞ്ച്വറി നേടിയ താരം അയര്‍ലന്‍ഡ്, സിംബാബ്‌വേ, ഒമാന്‍ എന്നിവര്‍ക്കെതിരെ അര്‍ധ സെഞ്ച്വറിയും നേടി. ഇതില്‍ ഒമാനെതിരായ അര്‍ധ സെഞ്ച്വറി ഈ ഏഷ്യാ കപ്പിലാണ് പിറവിയെടുത്തത്.
നേപ്പാളിനെതിരെ സെഞ്ച്വറിയും സിംബാബ്‌വേ, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗിനിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ അര്‍ധ സെഞ്ച്വറിയുമായാണ് ജെയ്‌സ്വാള്‍ ഈ പട്ടികയില്‍ ഇടം നേടിയത്. ഇവര്‍ തിളങ്ങിയ ഈ മത്സരങ്ങളിലെല്ലാം തന്നെ ഇന്ത്യ വിജയിച്ചു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!
(താരം – എത്ര തവണ – ശതമാനം എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – 7 – 100%
സഞ്ജു സാംസണ്‍ – 6 – 100%
യശസ്വി ജെയ്‌സ്വാള്‍ – 6 – 100%
രോഹിത് ശര്‍മ – 37 – 89%
കെ.എല്‍. രാഹുല്‍ – 24 – 88%
ശ്രേയസ് അയ്യര്‍ – 8 – 88%
തിലക് വര്‍മ – 6 – 83%
ഇഷാന്‍ കിഷന്‍ – 6 – 83%
ശിഖര്‍ ധവാന്‍ – 11 – 82%
സൂര്യകുമാര്‍ യാദവ് – 25 – 80%
ഋതുരാജ് ഗെയ്ക്വാദ് – 5 – 80%
ടി-20യില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യ ഇനി കളത്തിലിറങ്ങുക. ഒക്ടോബര്‍ 29ന് ആരംഭിക്കുന്ന ടി-20 പരമ്പരയില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണിലെത്തി അഞ്ച് ടി-20കള്‍ കളിക്കും. ഈ പോരാട്ടങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ട്രാക്ക് റെക്കോഡും മെച്ചപ്പെടുത്തിയേക്കും.
Content Highlight: India never lost a T20I when Abhishek Sharma, Sanju Samson and Yashasvi Jaiswal scored 50+ runs