ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മുമ്പിലെത്തി ഇന്ത്യ. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 48 റണ്‍സിന് തകര്‍ത്താണ് സൂര്യയും സംഘവും പരമ്പരയില്‍ ലീഡെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 18.2 ഓവറില്‍ 119ന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.
ഈ വിജയത്തോടെ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ഒന്നിച്ചപ്പോള്‍ ടി-20യില്‍ ഇന്ത്യ ഒരിക്കല്‍പ്പോലും പരാജയപ്പെട്ടിട്ടില്ല എന്ന സ്ട്രീക് നിലനിര്‍ത്താനും സാധിച്ചു. ഇന്ത്യയുടെ ഇടംകൈ-വലംകൈ മാജിക്കല്‍ പെയര്‍ ഒന്നിച്ച 12ല്‍ 12 മത്സരവും ഇന്ത്യ വിജയിച്ചുകയറി. അതായത് 100 ശതമാനം വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഏറ്റവുമധികം റണ്ണടിച്ചത്. 39 പന്ത് നേരിട്ട താരം 46 റണ്‍സാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് കുറവെങ്കിലും ഗില്ലിന്റെ പ്രകടനം ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായിരുന്നു.
അഭിഷേക് ശര്‍മ 21 പന്തില്‍ 28 റണ്‍സുമായി മടങ്ങി. ശിവം ദുബെ 18 പന്തില്‍ 22 റണ്‍സും അക്സര്‍ പട്ടേല്‍ 11 പന്തില്‍ പുറത്താകാതെ 21 റണ്‍സും അടിച്ചെടുത്തു. പത്ത് പന്തില്‍ 20 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പുറത്തായത്.
ഏഷ്യാ കപ്പിന് ശേഷം മോശം ഫോം തുടരുന്ന തിലക് വര്‍മയ്ക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല. ആറ് പന്ത് നേരിട്ട് അഞ്ച് റണ്‍സിനാണ് തിലക് പുറത്തായത്. സഞ്ജുവിന് പകരം ടീമിലെത്തിയ ജിതേഷ് ശര്‍മയും നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട താരം മൂന്ന് റണ്‍സ് നേടി പുറത്തായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167ലെത്തി.
ആതിഥേയര്‍ക്കായി നഥാന്‍ എല്ലിസും ആദം സാംപയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലെറ്റും മാര്‍കസ് സ്റ്റോയ്നിസുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ആ മൊമെന്റം തുടരാന്‍ സാധിക്കാതെ പോയതോടെയാണ് മത്സരം കൈവിട്ടത്. മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ ചെറുത്തുനില്‍ക്കാനോ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ പിടിച്ചുകെട്ടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
വാഷിങ്ടണ്‍ സുന്ദറാണ് ഓസീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. വെറും ഏഴ് പന്തെറിഞ്ഞ താരം 3 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. അക്സര്‍ പട്ടേലും ശിവം ദുബെയും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നവംബര്‍ എട്ടിനാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഓസീസിന് വിജയം അനിവാര്യമാണ്. ദി ഗാബ്ബയാണ് വേദി.
Content Highlight: India never lost a T20 when Arshdeep Singh and Jasprit Bumrah played together