ന്യൂദല്‍ഹി: ഫലസ്തീന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി.
ഗസയില്‍ നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനം ധാര്‍മികതയില്‍ നിന്നുള്ള വ്യതിചലനമാണെന്നും ഫലസ്തീന്‍ പോരാട്ടത്തില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും സോണിയ പറഞ്ഞു. ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലായിരുന്നു സോണിയയുടെ വിമര്‍ശനം.
‘ഇന്ത്യയുടെ നിശബ്ദത, ഫലസ്തീനോടുള്ള നിസ്സംഗത’ എന്ന തലക്കെട്ടിലാണ് സോണിയയുടെ ലേഖനം. നീതി, സ്വത്വം, അന്തസ്സ്, മനുഷ്യാവകാശങ്ങള്‍ എന്നിവയ്ക്കായുള്ള പോരാട്ടമാണ് ഫലസ്തീനില്‍ നടക്കുന്നതെന്ന് സോണിയ പറഞ്ഞു.
ദീര്‍ഘകാലമായി ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയുടെ ന്യായമായ ആവശ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള ആദ്യപടിയെന്നോണം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സ്, യു.കെ, കാനഡ, പോര്‍ച്ചുഗല്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവന്നെന്നും ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 150 ലേറെ രാജ്യങ്ങള്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ചെന്നും സോണിയ പറഞ്ഞു.
ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് വര്‍ഷങ്ങളോളം പിന്തുണ നല്‍കിയ രാജ്യമാണ് ഇന്ത്യ. 1988 നവംബര്‍ 18 ന് ഫലസ്തീന്റെ രാഷ്ട്ര പദവി ഔദ്യോഗികമായി അംഗീകരിച്ച രാജ്യമായിരുന്നു നമ്മള്‍. ഇന്ത്യയുടെ ആ തീരുമാനം അടിസ്ഥാനപരമായും ധാര്‍മികപരമായും ശരിയായിരുന്നു.
ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ സമാധാനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും ഉള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് തന്നെ ഇന്ത്യ ദീര്‍ഘകാലമായി തങ്ങളുടെ നിലപാട് തുടര്‍ന്നുപോന്നു.
1974 ല്‍ പി.എല്‍.ഒയെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇസ്രഈലുമായി സമാധാനപരമായ സഹവര്‍ത്തിത്വം പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ ഫലസ്തീന്റെ സ്വയം നിര്‍ണ്ണയാവകാശം ഉറപ്പുനല്‍കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ സ്ഥിരമായി പിന്തുണച്ചിട്ടുണ്ട്.
ഫലസ്തീന്റെ അവകാശത്തിനൊപ്പം നില്‍ക്കുകയും വെസ്റ്റ് ബാങ്കിലെ അധിനിവേശത്തെ അപലപിക്കുകയും ചെയ്യുന്ന നിരവധി യു.എന്‍ പ്രമേയങ്ങളെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്.
അതേസമയം തന്നെ ഇസ്രഈലുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധവും ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. യു.എന്‍, ചേരിചേരാ പ്രസ്ഥാനം, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) തുടങ്ങിയ ബഹുമുഖ ഫോറങ്ങളില്‍ ഫലസ്തീന്‍-ഇസ്രഈല്‍ വിഷയം ചര്‍ച്ചകളിലൂടെയും ഒത്തുതീര്‍പ്പുകളിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും അക്രമം അവസാനിപ്പിക്കാനും ഇന്ത്യ നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമുള്ള പിന്തുണ അറിയിച്ചും ഗസയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥാപനളെ സഹായിച്ചും ഫലസ്തീന് ഇന്ത്യ മാനുഷികവും വികസനപരവുമായ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ഇന്നത്തെ നിലപാട് എന്താണ് ? 2023 ഒക്ടോബറില്‍ ഇസ്രഈലും ഫലസ്തീനും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യ പതുക്കെ ഇതില്‍ നിന്നൊക്കെ പിന്മാറി.
2023 ഒക്ടോബര് 7ന് ഇസ്രഈലി സിവിലിയന്മാര്‍ക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രഈല്‍ ഫലസ്തീനില്‍ വംശഹത്യ
ആരംഭിച്ചു. 17,000 കുട്ടികള്‍ ഉള്‍പ്പെടെ 55,000 ത്തിലധികം ഫലസ്തീന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.
ഗസയിലെ വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തുടച്ചുനീക്കപ്പെട്ടു. കൃഷിയും വ്യവസായവും തകര്‍ന്നടിഞ്ഞു.
ഭക്ഷണം, മരുന്ന് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വിതരണം പോലും ഇസ്രഈല്‍ തടഞ്ഞതോടെ ഗസ കടുത്ത പട്ടിണിയിലേക്കും ക്ഷാമത്തിലേക്കും പോയി. ഭക്ഷണത്തിനായി ക്യൂനിന്ന നൂറുകണക്കിന് സാധാരണക്കാര്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റുമരിച്ചു.
എന്നാല്‍ ഇസ്രഈലിന്റെ ഈ നടപടികളെ പരോക്ഷമായി പോലും വിമര്‍ശിക്കാന്‍ പല രാജ്യങ്ങളും തയ്യാറായില്ല. അതേസമയം തന്നെ ഫലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കാന്‍ നിരവധി രാജ്യങ്ങള്‍ അടുത്തിടെ മുന്നോട്ടു വന്നു.
ഇതൊരു ചരിത്ര നിമിഷമാണ്. നീതി, സ്വയം നിര്‍ണയം, മനുഷ്യാവകാശങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഈ നടപടികള്‍ കേവലം നയതന്ത്ര വിഷയം മാത്രമല്ല. മറിച്ച് ഒരു ജനത അനീതിയെ അഭിമുഖീകരിക്കുമ്പോള്‍ രാഷ്ട്രങ്ങള്‍ വഹിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം കൂടിയാണ്.
ആധുനിക ലോകത്ത്, നിശബ്ദത എന്നത് വെറും നിഷ്പക്ഷതയല്ല. അതൊരു കൂട്ടുകെട്ടാണ്. സ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടി ഒരുകാലത്ത് അചഞ്ചലമായിരുന്ന ഇന്ത്യയുടെ ശബ്ദം ഇന്ന് നിശബ്ദമായി തുടരുന്നു.
മോദി സര്‍ക്കാര്‍ അഗാധമായ മൗനം തുടരുന്നു. മാനവികതയും ധാര്‍മ്മികതയും ഉപേക്ഷിക്കുന്നു. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളോ തന്ത്രപരമായ താത്പര്യങ്ങളോ അല്ല, മറിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രിയും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിനാണ് ഇന്ന് ഊന്നല്‍ നല്‍കുന്നത്.
വ്യക്തിഗതമാക്കിയ ഈ നയതന്ത്ര ശൈലി ഒരിക്കലും നിലനില്‍ക്കുന്നതല്ല. ഇന്ത്യയുടെ വിദേശനയത്തിന് മാര്‍ഗനിര്‍ദേശ സൂചകമാകാനും അതിന് കഴിയില്ല.
രണ്ടാഴ്ച മുമ്പ്, ഇന്ത്യ ഇസ്രഈലുമായി ഒരു ഉഭയകക്ഷി നിക്ഷേപ കരാറില്‍ ഒപ്പുവയ്ക്കുക മാത്രമല്ല, ഫലസ്തീന്‍ ജനതക്കെതിരെ ആവര്‍ത്തിച്ച് അക്രമത്തിന് പ്രേരിപ്പിച്ച ഒരു തീവ്ര വലതുപക്ഷ ധനമന്ത്രിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തു. ഈ നീക്കം ഭയാനകമാണ്.
ഫലസ്തീന്‍ വിഷയത്തെ കേവലം വിദേശനയത്തിന്റെ വിഷയമായി കാണാതെ, ഇന്ത്യയുടെ ധാര്‍മികവും നാഗരികവുമായ പൈതൃകത്തിന്റെ പരീക്ഷണമായിട്ടാണ് രാജ്യം കാണേണ്ടത്.
ഫലസ്തീനിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കുടിയൊഴിപ്പിക്കലും അധിനിവേശവും സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങളും, അവരുടെ പൗര, രാഷ്ട്രീയ, മനുഷ്യാവകാശങ്ങള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും സഹിച്ചു.
കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യ നേരിട്ട പോരാട്ടങ്ങളെയാണ് അവരുടെ ദുരവസ്ഥ പ്രതിധ്വനിപ്പിക്കുന്നത്. അവരുടെ പരമാധികാരം നിഷേധിക്കപ്പെട്ടു, ദേശീയത നിഷേധിക്കപ്പെട്ടു, അവരുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടു, എല്ലാ അവകാശങ്ങളും സുരക്ഷയും കവര്‍ന്നെടുക്കപ്പെട്ടു.
ഈ ഘട്ടത്തിലെങ്കിലും ഇന്ത്യയുടെ ചരിത്രാനുഭവങ്ങളും ധാര്‍മ്മിക അധികാരവും മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. നീതിക്ക് വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനും നമ്മള്‍ പ്രാപ്തരാകേണ്ടതുണ്ട്,’ സോണിയാ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.
Content Highlight: India needs to demonstrate leadership on the issue of Palestine, Sonia Gandhi