| Monday, 9th March 2026, 4:53 pm

ഇന്ത്യയ്ക്ക് വേണ്ടത് ശക്തമായ നേതൃത്വത്തെ, നിശബ്ദതയല്ല; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് സമുച്ചയത്തിനുള്ളില്‍ പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാര്‍.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാഗരിക ഘോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്നതില്‍ വിമര്‍ശനം ഉന്നയിച്ചാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

‘ഗള്‍ഫ് കത്തുന്നു, എണ്ണ ആഘാതം. ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. നേതൃത്വത്തെയാണ് ഇന്ത്യയ്ക്ക് വേണ്ടത്, നിശബ്ദതയല്ല,’ എന്നെഴുതിയ ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

രാജ്യത്തെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപാരികളെ സഹായിക്കുന്നതിനും കയറ്റുമതി ശൃംഖലകളെ വൈവിധ്യവത്കരിക്കുന്നതിനും വിലക്കയറ്റം തടയുന്നതിനുമായി അടിയന്തര പദ്ധതി തയ്യാറാക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലേത് ഒരു നിര്‍ണായക വിഷയമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കാരണം അത് ഇന്ധന വിലയേയും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേയും ബാധിക്കും. രാജ്യം കനത്ത തിരിച്ചടിയാണ് നേരിടാന്‍ പോകുന്നത്. ഓഹരി വിപണയില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു. പ്രധാനമന്ത്രി മോദി അമേരിക്കയുമായി ഒരു കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്. ഇതെല്ലാം ഈ രാജ്യത്തെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇക്കാരണങ്ങള്‍ കൊണ്ടാണ് പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചക്കെടുക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി ഖാര്‍ഗെയുടെ ചേംബറില്‍ വെച്ച് പ്രതിപക്ഷ എം.പിമാര്‍ യോഗം ചേര്‍ന്നിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവ്, ഡി.എം.കെയുടെ ദയാനിധി മാരന്‍, എന്‍.സി.പിയുടെ സുപ്രിയ സുലെ, ശിവസേനയുടെ സഞ്ജയ് റാവത്ത് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Content Highlight: India needs strong leadership, not silence; Opposition protests in Parliament

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more