| Monday, 16th July 2018, 7:35 pm

ഇന്ത്യയ്ക്കാവശ്യം കുമാരസ്വാമിയെപ്പോലുള്ള ദുരന്തനായകനെയല്ല, മോദിയെപ്പോലൊരു നേതാവിനെ: അരുണ്‍ ജയ്റ്റ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയ്ക്കാവശ്യം കുമാരസ്വാമിയെപ്പോലൊരു ദുരന്തനായകനെയല്ല, മറിച്ച് മോദിയെപ്പോലെ ദൃഢനിശ്ചയമുള്ള നേതാവിനെയാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കര്‍ണാടകയിലെ കൂട്ടുമന്ത്രി സഭയുടെ ലക്ഷ്യം അവകാശവാദം പോലെ രാജ്യസേവനം ആയിരുന്നില്ലെന്നും രാഷ്ട്രീയ അതിജീവനം മാത്രമായിരുന്നുവെന്നും ആരോപിച്ചുകൊണ്ടാണ് ജയ്റ്റ്‌ലി കര്‍ണാടക സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. അവസരവാദമായിരുന്നു സഖ്യത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം വികാരനിര്‍ഭരനായി പ്രസംഗിച്ച കുമാരസ്വാമിയുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ജയ്റ്റ്‌ലിയുടെ പ്രസ്താവന. ദുരന്തനായകനായ കുമാരസ്വാമിയെയല്ല, നിശ്ചയദാര്‍ഢ്യത്തോടെ നിലപാടുകളെടുക്കുന്ന മോദിയെയാണ് നമുക്കാവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.


Also Read: കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലത്ത് ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്നു


ചൗധരി ചരണ്‍ സിംഗിനോടും ചന്ദ്രശേഖറിനോടും എച്ച്.ഡി. ദേവഗൗഡയോടും ചെയ്തതു തന്നെയാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ കര്‍ണാടകയിലും ആവര്‍ത്തിക്കുന്നത്. അവസരവാദപരമായ ഈ സഖ്യത്തിന്റെ പിറകിലെ അജണ്ട മോദിയെ പുറത്താക്കുക എന്നതുമാത്രമായിരുന്നു. ആശയപരമായ ഭിന്നതകള്‍ നിലനില്‍ക്കുന്ന ഒരു സഖ്യത്തിന് ഒരിക്കലും രാജ്യത്തെ നയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇത്തരമൊരു സഖ്യം വിഷത്തിനു സമാനമാണെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ അത് രാജ്യത്തിനു മേല്‍ പ്രയോഗിക്കുന്നതിനെപ്പറ്റി സ്വപ്‌നം കാണുന്നത്? ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തികരംഗത്തെ നയിക്കുന്ന ഒരു നേതാവ് ഒരിക്കലും ഒരു നിസ്സഹായനായിക്കൂടാ.” ജയ്റ്റ്‌ലി കുറിച്ചു.

സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വോട്ടുബാങ്ക് രാഷ്ട്രീയത്തിന് കീഴ്‌പ്പെട്ടു കൊണ്ട് തീവ്രവാദത്തിനെതിരായ പോരാട്ടത്തോട് സന്ധി ചെയ്യാനാവില്ലെന്നും അത്തരം സര്‍ക്കാരുകള്‍ രാജ്യത്തിന് ശാപവും ബാധ്യതയുമാണെന്നും ജയ്റ്റ്‌ലി പറയുന്നു.


Also Read: മഠങ്ങള്‍ അധോലോക കേന്ദ്രങ്ങള്‍; പൊതു സമൂഹത്തിലുള്ളതിനേക്കാള്‍ പത്തിരട്ടി പുരുഷാധിപത്യമുണ്ട് സഭയില്‍ – സിസ്റ്റര്‍ ജെസ്മി സംസാരിക്കുന്നു


സഖ്യത്തിന്റെ നേതാവ് ഓഫീസില്‍ നിന്നും എങ്ങിനെ പുറത്തിറങ്ങാമെന്നുമാത്രമോര്‍ത്ത് കണ്ണീരൊഴുക്കുന്ന അവസ്ഥ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ നയപരമായ വീഴ്ചയെക്കാള്‍ ഗൗരവമേറിയതാണ്. കോണ്‍ഗ്രസിന്റെ വംശീയാധിപത്യവും വിമര്‍ശിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

സഖ്യരൂപീകരണത്തിന്റെ കാര്യം വരുമ്പോഴെല്ലാം ആശയസംഹിതകളില്‍ മാറ്റം വരുത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെയും ജയ്റ്റ്‌ലി കണക്കിനു വിമര്‍ശിക്കുന്നുണ്ട്. ടി.എം.സി, ഡി.എം.കെ, ടി.ഡി.പി, ബി.എസ്.പി, ജെ.ഡി.എസ് എന്നീ പാര്‍ട്ടികളെല്ലാം തന്നെ ബി.ജെ.പിയുമായി മുന്‍കാലത്ത് സഖ്യത്തിലേര്‍പ്പെട്ടിരുന്നവരാണെന്നും മതനിരപേക്ഷതയുടെ പേരില്‍ പിന്നീട് മലക്കം മറിഞ്ഞവരാണെന്നും ജയ്റ്റ്‌ലിയുടെ ആക്ഷേപമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more