| Wednesday, 18th July 2018, 7:40 pm

ഇറാന്‍ ഉപരോധം: ഇന്ത്യ ഇറക്കുമതി തുടരണമെന്ന് ജര്‍മ്മനി; അമേരിക്കയുടെ സമ്മര്‍ദ്ദം അലോസരപ്പെടുത്തുന്നതെന്നും പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ നിന്നും ഇന്ത്യ പിന്മാറരുതെന്ന് ജര്‍മ്മനി. ഇറാനെതിരായ ഉപരോധത്തില്‍ പങ്കാളികളാകാന്‍ മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അമേരിക്കയുടെ നിലപാട് ഏറ്റവും സൗമ്യമായ ഭാഷയില്‍പ്പറഞ്ഞാല്‍ “അലോസരപ്പെടുത്തുന്നതാ”ണെന്നാണ് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി നീല്‍സ് അന്നന്റെ പ്രസ്താവന.

ജര്‍മ്മനി സ്വേച്ഛ പ്രകാരമാണ് പ്രവര്‍ത്തിക്കുകയെന്നും ഇന്ത്യയും ഇറാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തില്ലെന്നാണ് വിശ്വാസമെന്നും അന്നന്‍ പറയുന്നു.

“ഇന്ത്യയുടെ പരമാധികാരമുപയോഗിച്ച് എടുക്കേണ്ട തീരുമാനമാണത്. ഞാന്‍ ഇറാന്റെ സെയില്‍സ്മാനല്ല. എങ്കിലും ഇറാനില്‍ നിന്നുള്ള ഇറക്കുമതി തുടരുന്നതില്‍ ഇന്ത്യയ്ക്ക് വിരോധമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വളരെ പ്രധാനമായ ഒരു പ്രസ്താവനയായിരിക്കുമത്.” അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഉപരോധങ്ങളെ നേരിടാനുതകുന്ന വിധം സാമ്പത്തിക തന്ത്രങ്ങളെ ആവിഷ്‌കരിക്കാന്‍ സാധിക്കണം. ഇറാനുമായി വ്യാപാരബന്ധത്തില്‍ തുടരാനാഗ്രഹിക്കുന്ന കമ്പനികള്‍ക്ക് അതിനുള്ള അനുമതി നല്‍കണമെങ്കില്‍ വേണ്ടത്ര പര്യാപ്തമായ സാമ്പത്തിക ഉപകരണങ്ങള്‍ കണ്ടെത്തണം. അത് ബുദ്ധിമുട്ടേറിയ പ്രവൃത്തിയായിരിക്കും. എങ്കിലും അതിനുള്ള മാര്‍ഗ്ഗം കണ്ടെത്തിയേ തീരൂ, നീല്‍സ് അന്നന്‍ പറയുന്നു.


Also Read: പാലക്കാട് കോച്ച് ഫാക്ടറിയില്‍ വീണ്ടും മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍


ഇത്തരമൊരു സന്ദര്‍ഭം 2012ല്‍ ഉണ്ടായപ്പോള്‍ റുപ്പീ-റിയാല്‍ തന്ത്രം ആവിഷ്‌കരിച്ച് ഇറാനുമായുള്ള വാണിജ്യബന്ധം ഇന്ത്യ തുടരുകയാണുണ്ടായത്. ഇറാഖിനും സൗദി അറേബ്യയ്ക്കും ശേഷം മൂന്നാമതാണ് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ ഇറാന്റെ സ്ഥാനം.

ഇത്തവണ അമേരിക്ക നിലപാടു കടുപ്പിച്ചിട്ടുണ്ടെങ്കിലും, ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളിലേ ഇന്ത്യ പങ്കാളിയാകൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിരിക്കുന്നത്. നവംബര്‍ നാലു വരെയാണ് ഇറക്കുമതി പൂര്‍ണമായും നിര്‍ത്താന്‍ ഇന്ത്യയ്ക്ക് അമേരിക്ക നല്‍കിയിരിക്കുന്ന സമയം.

ഇറാനെതിരെയുള്ള ഉപരോധത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി യു.എസ് പ്രതിനിധി സംഘം ഈയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഉപരോധത്തില്‍ ഇളവുകള്‍ സാധ്യമാണോയെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം കൂടിക്കാഴ്ചയ്ക്കു ശേഷമേ ലഭ്യമാവുകയുള്ളൂ.

We use cookies to give you the best possible experience. Learn more