സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന പ്രമേയത്തെ അനുകൂലിച്ച ഇന്ത്യയുടെ നിലപാട് മാറ്റം ചര്‍ച്ചയാവുന്നു. ഇസ്രഈലിനും ഫലസ്തീനുമിടയില്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ’ അംഗീകരിക്കുന്ന പ്രമേയത്തിനാണ് ഇന്ത്യ പച്ചകൊടി കാട്ടിയത്. മറ്റ് 141 രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയും പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത്.
എല്ലാ ഗള്‍ഫ് രാജ്യങ്ങളും അംഗീകരിച്ചപ്പോള്‍ ഇസ്രഈലും അമേരിക്കയും അടക്കം പത്ത് രാജ്യങ്ങളാണ് സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുന്ന ഈ പ്രമേയത്തെ എതിര്‍ത്തത്. അര്‍ജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ എന്നിവരാണ് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്ത മറ്റ് രാജ്യങ്ങള്‍.
ഹമാസിനുള്ള സമ്മാനം എന്ന് വിശേഷിപ്പിച്ച് അമേരിക്ക എതിര്‍ത്ത പ്രമേയം ഇന്ത്യ അംഗീകരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും അകലം കൂടുന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗസയില്‍ വെടി നിര്‍ത്തലിനെ പിന്തുണയ്ക്കുന്ന പ്രമേയങ്ങള്‍ക്ക് മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ നാല് തവണയാണ് ഇന്ത്യ യു.എന്‍ പൊതുസഭയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത്. രാജ്യം അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അമേരിക്കയെ പിണക്കാനാവില്ല എന്നതിനാലായിരുന്നു ഈ വിട്ടുനില്‍ക്കലുകള്‍.
ഡിസംബര്‍ 2024ല്‍ മാത്രമാണ് ഇതിന് വിഭിന്നമായി ഫലസ്തീനിലെ വെടി നിര്‍ത്തലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത്. 1948 മുതല്‍ ഇസ്രഈല്‍ ഫലസ്തീന്‍ സംഘട്ടനം ആരംഭിച്ചത് മുതല്‍ ഇന്ത്യ ഫലസ്തീനൊപ്പമായിരുന്നു. സംഘട്ടനത്തില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന നിലപാടായിരുന്നു രാജ്യം സ്വീകരിച്ചത്. 1950ല്‍ ഇസ്രഈലിനെയും 1988ല്‍ ഫലസ്തീനെയും രാഷ്ട്രമായി രാജ്യം അംഗീകരിച്ചിരുന്നു.
2014ല്‍ മോദി അധികാരത്തില്‍ എത്തിയതിന് ശേഷമാണ് ഇന്ത്യ ഈ വിഷയത്തിന് നിലപാട് മാറ്റം വരുത്തുന്നത്. അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി ഇരു രാജ്യങ്ങളുടെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംഘര്‍ഷത്തില്‍ പരിഹാരം കണ്ടെത്താന്‍ വേണ്ടി അവതരിപ്പിക്കുന്ന യു.എന്‍. പൊതുസഭയിലെ പ്രമേയങ്ങളില്‍ നിന്ന് രാജ്യം വിട്ടുനില്‍ക്കാന്‍ തുടങ്ങി.
യു.എന്നില്‍ ഫലസ്തീനിനെ അനുകൂലിക്കുന്ന നിലപാട് എടുത്തെങ്കിലും ഇസ്രഈലിനെ ഇന്ത്യ ഇതുവരെ തള്ളി കളഞ്ഞിട്ടില്ല. ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പിന്തുണക്കുന്ന നിലപാടാണ് നരേന്ദ്ര മോദി ഇപ്പോഴും സ്വീകരിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ഇസ്രഈലിന്റെ ഖത്തര്‍ ആക്രമണത്തെ അപലപിച്ച് സംസാരിച്ചപ്പോള്‍ പോലും നെതന്യാഹുവിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദി പ്രതികരിച്ചത്.
ഇസ്രഈലുമായി ഇന്ത്യ ഇപ്പോഴും സൗഹാര്‍ദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രഈല്‍ ധനകാര്യമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ ഇന്ത്യന്‍ സന്ദര്‍ശനവും അവരുമായി ഒപ്പിട്ട ഉഭയക്ഷി നിക്ഷേപ കരാറും. ഇസ്രാഈലുമായി സ്വതന്ത്ര വ്യാപാരത്തിന് വഴിയൊരുക്കുന്ന കരാറില്‍ സ്‌മോട്രിച്ചും നിര്‍മല സീതരാമനുമാണ് ഒപ്പുവെച്ചത്.
അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന സാഹചര്യത്തിലാണ് രാജ്യം വീണ്ടും ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് മാറ്റുന്നത്. നിലവില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ തീരുവ യുദ്ധത്തിലാണ്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്താന്‍ യു.എസ്. തീരുമാനിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണത്.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നു എന്ന കാരണം ചൂണ്ടികാട്ടിയാണ് യു.എസ്. ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തുന്നത്. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യ നേരിടുന്ന 50 ശതമാനം താരിഫ് നിരക്കില്‍ പകുതിയും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴയാണെന്നാണ് കഴിഞ്ഞ ദിവസം യു.എസ് വാണിജ്യ സെക്രട്ടറി ഫോര്‍വാര്‍ഡ് ലുട്നിക് പറഞ്ഞത്.
റഷ്യയില്‍ നിന്ന് എന്ന വാങ്ങുന്നത് നിര്‍ത്തിയാല്‍ ഇന്ത്യയുടെ മേലുള്ള തീരുവ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് സൂചിപ്പിച്ചിരുന്നു.
എന്നാല്‍, ഇതിനിടെ നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും അമേരിക്കയില്‍ നിന്ന് പതുക്കെ ഇന്ത്യ അകലുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഒപ്പം അമേരിക്കന്‍ വിരുദ്ധ ചേരിയിലേക്ക് കൂടുതല്‍ അടുക്കുവെന്ന നിഗമനങ്ങളും ഉടലെടുക്കാന്‍ കാരണമാകുന്നു.
Content Highlight: India moving closer to anti American bloc with voting favor of Palestine statehood in UN General Assembly