| Tuesday, 14th May 2013, 11:42 am

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ പിന്‍മാറിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇത്തവണത്തെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കും. മുന്‍ ഇന്ത്യന്‍ സ്പിന്നറും കമന്റേറ്ററുമായ എല്‍. ശിവരാമകൃഷ്ണനെ ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് കാരണം.
[]

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) നടപടി തങ്ങള്‍ക്ക് അനുകൂലമായിട്ടല്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫി ബഹിഷ്‌കരിക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) നിലപാട്.

അടുത്ത മാസം ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്.

ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റിയിലേക്ക് കളിക്കാരുടെ പ്രതിനിധിയായാണ് നാല്‍പത്തിയേഴുകാരനായ ശിവരാമകൃഷ്ണനെ നിയമിച്ചത്. മേയ് ആറിനു നടന്ന വോട്ടെടുപ്പില്‍  മുന്‍ ഓസ്‌ട്രേലിയന്‍ താരം ടിം മേ 9-1നു വിജയിച്ചിരുന്നു. എന്നാല്‍, ഇന്ത്യയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നു രണ്ടാം തവണയും വോട്ടെടുപ്പു നടന്നു.

ഇതില്‍ ശിവരാമകൃഷ്ണന്‍ ജയിച്ചു. ഇന്ത്യയുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് രണ്ടാമതു വോട്ടെടുപ്പ് നടത്തിയതെന്നും ബിസിസിഐ കമന്റേറ്ററായി ജോലിനോക്കുന്ന ശിവരാമകൃഷ്ണനെ കളിക്കാരുടെ പ്രതിനിധിയായി  ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ എടുത്തതു ശരിയായില്ലെന്നുമാണ് എതിര്‍ക്കുന്നവരുടെ നിലപാട്.

ഏഷ്യന്‍ രാജ്യങ്ങള്‍ ഒഴികെയുള്ളവര്‍ ഇന്ത്യയുടെ നിലപാടിലുള്ള അതൃപ്തി ഐസിസിയെ ധരിപ്പിച്ചു. രണ്ടാം വോട്ടെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഐസിസിയുടെ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കണമെന്ന് ടിം മേ അധ്യക്ഷനായ രാജ്യാന്തര ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more