ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 400 സിക്സറുകള്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ. ഹാമില്‍ടണില്‍ നടക്കുന്ന ന്യൂസിലാന്റിനെതിരെയുള്ള അഞ്ചാം ടി-20യില്‍ 11 സിക്സറുകള്‍ നേടിയതോടെയാണ് ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. 2026ല്‍ അന്താരാഷ്ട്ര ടി-20യില്‍ നാല്പതാം മത്സരത്തിലാണ് ഇന്ത്യ ഈ നാഴികക്കല്ല് പിന്നിട്ടത്.
2025ല്‍ ഓസ്ട്രിയ നേടിയ 326 ആയിരുന്നു ഇതിനുമുമ്പുള്ള റെക്കോഡ്. എന്നാല്‍ ഫുള്‍ മെമ്പര്‍ നേഷന്റെ റെക്കോര്‍ഡ് 2022ല്‍ ഇന്ത്യയുടെ തന്നെ 289 സിക്സറുകളാണ്. അന്നും നാല്പത് മാച്ചുകളായിരുന്നു ഇന്ത്യ കളിച്ചത്.
അതായത് നാല് വര്‍ഷം മുമ്പ് ഒരു മത്സരത്തില്‍ ശരാശരി 7.2 സിക്സറുകള്‍ നേടിയ ഇന്ത്യ ഈ വര്‍ഷം ശരാശരി പത്ത് സിക്സറുകളാണ് ഒരു മത്സരത്തില്‍ നേടിയത്.
മത്സരത്തിന്റെ 19ാം ഓവറിലെ രണ്ടാം പന്തില്‍ ബ്ലെയര്‍ ടിക്നറെ ബൗണ്ടറി കടത്തി നമന്‍ ധിര്‍ ആണ് ഇന്ത്യയുടെ നാനൂറാമത് സിക്സര്‍ നേടിയത്. ഇന്ത്യ നേടിയ 400 സിക്സറുകളില്‍ 142 എണ്ണവും ന്യൂസിലാന്‍ഡിനെതിരെയായിരുന്നു.
ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍
(ടീം-രാജ്യം-വര്‍ഷം-സിക്സര്‍- മത്സരങ്ങളുടെ എണ്ണം എന്ന ക്രമത്തില്‍)
ഇന്ത്യ- 2026- 400- 40
ഓസ്ട്രിയ- 2025- 326-36
ഇന്ത്യ- 2022- 289- 40
ബഹ്റൈന്‍- 2025- 239- 39
വെസ്റ്റ് ഇന്‍ഡീസ്- 2024- 239- 27
പാകിസ്ഥാന്- 2024- 236- 26
ന്യൂസിലാന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഇരുപത് ഓവറില്‍ 191 റണ്‍സെടുത്തു.
മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയേയും സഞ്ജു സാംസനെയും തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. അഭിഷേക് രണ്ട് പന്തില്‍ ഒരു റണ്‍സ് നേടി മടങ്ങിയപ്പോള്‍ സഞ്ജു 10 പന്തില്‍ നാല് റണ്‍സ് നേടി പുറത്തായി.
32 പന്തില്‍ 61 റണ്‍സ് നേടിയ ഇഷാന് കിഷനും 23 പന്തില്‍ 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ 190 കടത്തിയത്.
ന്യൂസിലാന്‍ഡിന് വേണ്ടി ആദം മില്‍നെ നാല് വിക്കറ്റ് നേടി. നഥാന്‍ സ്മിത്തും ബ്ലെയര്‍ ടിക്നറും രണ്ട് വിക്കറ്റ് വീതം നേടി.
Content Highlight: India Make History, Become 1st Cricket Team In The World To Hit 400 T20I Sixes In A Year