ഹോങ് കോങ് സിക്‌സേഴ്‌സില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി യു.എ.ഇ. നാല് റണ്‍സിനാണ് ഖാലിദ് ഷായും സംഘവും ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യ നിശ്ചിത ഓവറില്‍ (ആറ് ഓവര്‍) മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 107 റണ്‍സ് സിക്‌സര്‍ പറത്തി ഫിനിഷ് ചെയ്യുകയായിരുന്നു യു.എ.ഇ. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് ഇന്ത്യയ്ക്ക് നേരെ യു.എ.ഇ അടിച്ചിട്ടത്.
യു.എ.ഇക്ക് വേണ്ടി മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത് ക്യാപ്റ്റനും ഓപ്പണറുമായ ഖാലിദ് ഷായാണ്. 14 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. ഒപ്പം സഖീര്‍ ഖാന്‍ 11 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 31 റണ്‍സും നേടി.
ഇരുവരും പുറത്തായ ശേഷം അവസാന ഘട്ടത്തില്‍ മുഹമ്മദ് അര്‍ഫാന്‍ അഞ്ച് പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും നേടി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 21 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി സ്റ്റുവര്‍ട്ട് ബിന്നിയും ഭരത് ചിപ്‌ലിയും ഓരേ വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.
അതേസമയം ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഭിമന്യു മിതുന്റേയും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റേയും കരുത്തില്‍ 107 റണ്‍സ് നേടുകയായിരുന്നു. ദിനേശ് കാര്‍ത്തിക് 14 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 42 റണ്‍സാണ് നേടിയത്.
അഭിമന്യു 16 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 50 റണ്‍സ് നേടി മികവ് പുലര്‍ത്തി. ഇരുവരും പുറത്താകാതെയാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. യു.എ.ഇക്ക് വേണ്ടി നിലന്‍ കെസ്വാനി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അന്‍ഷ് ടണ്ടന്‍ ഒരു വിക്കറ്റും നേടി.