ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് കങ്കാരുപ്പട വിജയിച്ച് കയറിയത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര നേടിയിരിക്കുകയാണ് ഓസീസ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 264 റണ്‍സിന്റെ ടോട്ടലാണ് ആതിഥേയര്‍ക്ക് മുമ്പില്‍ ഉയര്‍ത്തിയത്. എന്നാല്‍ 46.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ ഏകദിനത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ പരമ്പര ശുഭ്മന്‍ ഗില്ലിന് കൈവിട്ട് പോയിരിക്കുകയാണ്.
ഓസ്‌ട്രേലിയക്ക് വേണ്ടി മത്സരത്തില്‍ മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മാറ്റ് ഷോട്ടാണ്. മൂന്നാമനായി ഇറങ്ങി 78 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ശേഷം മധ്യ നിരയില്‍ കൂപ്പര്‍ കനോലിയുടെ നിര്‍ണായക ഇന്നിങ്‌സാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 53 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 61 റണ്‍സ് നേടിയാണ് താരം ടീമിനെ വിജയത്തിലെത്തിച്ചത്.
കൂപ്പറിന് പുറമെ 23 പന്തില്‍ 36 റണ്‍സ് നേടിയ മിച്ചല്‍ ഓവണും മികച്ച പ്രകടനം നടത്തിയാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. മാത്രമല്ല നാലാമനായി ഇറങ്ങിയ മാറ്റ് റെന്‍ഷോ 30 പന്തില്‍ 30 റണ്‍സ് നേടി മിരവ് പുലര്‍ത്തി. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 24 പന്തില്‍ 11 റണ്‍സ് നേടിയായിരുന്നു മടങ്ങിയത്.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും വാഷിങ്ടണ്‍ സുന്ദറുമാണ്. മൂവരും മൂന്ന് വിക്കറ്റുകള്‍ വീതമാണ് വിഴ്ത്തിയത്. അക്‌സര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
അതേസമയം രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ മത്സരത്തിലേതിന് സമാനമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും നിരാശപ്പെടുത്തിയപ്പോള്‍ രോഹിത് – ശ്രേയസ് ദ്വയം മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. രോഹിത് 97 പന്ത് നേരിട്ട് 73 റണ്‍സടിച്ചപ്പോള്‍ 77 പന്തില്‍ 61 റണ്‍സാണ് അയ്യരിന്റെ സമ്പാദ്യം.
ഓസ്ട്രേലിയക്കായി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ സ്പിന്നര്‍ ആദം സാംപയാണ്. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടിയാണ് താരം ഇന്ത്യയ്‌ക്കെതിരെ തിളങ്ങിയത്. വിരാട് കോഹ്‌ലിയുടെയും ശുഭ്മന്‍ ഗില്ലിന്റെയുമടക്കം നാല് വിക്കറ്റുമായി തിളങ്ങിയ സേവ്യര്‍ ബാര്‍ട്ലെറ്റും ഓസ്‌ട്രേലിയന്‍ നിരയില്‍ നിര്‍ണായകമായി. മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റും വീഴ്ത്തി.
അതേസമയം രോഹിത്തിനും രാഹുലിനും പുറമെ അക്സര്‍ പട്ടേലാണ് ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. 41 പന്ത് നേരിട്ട പട്ടേല്‍ 44 റണ്‍സ് നേടി. വാലറ്റത്ത് ഹര്‍ഷിത് റാണയും (18 പന്തില്‍ 24) അര്‍ഷ്ദീപ് സിങ്ങും (14 പന്തില്‍ 13) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 250 കടത്തിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 264ലെത്തി.
Conten5t Highlight: India Lose Against Australia In Second Match And Lose Series