| Wednesday, 13th August 2025, 11:37 am

'124ാം വയസില്‍ കന്നിവോട്ട്' ശരിക്കും പ്രായം 35; പ്രിയങ്കയുടെ ടീ ഷര്‍ട്ടില്‍ ഇടംപിടിച്ച മിന്റ ദേവി ആര്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇന്ത്യ അന്വേഷിക്കുന്നത് മിന്റ ദേവി ആരാണെന്നാണ്. വോട്ടര്‍ പട്ടികയിലെ കള്ള വോട്ടുകള്‍ക്കെതിരെ പാര്‍ലമെന്റിന് മുന്നില്‍ ഇന്നലെ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എം.പിമാരുടെ ടീ ഷര്‍ട്ടിലെ മിന്റ ദേവിയെ ആണ് എല്ലാവരും അന്വേഷിക്കുന്നത്.

പ്രിയങ്ക ഗാന്ധി മുതല്‍ കേരളത്തിലെ എം.പിമാരായ ഡീന്‍ കുര്യാകോസ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ഈ ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ടീഷര്‍ട്ടിന് മുന്നില്‍ മിന്റ ദേവിയുടെ ചിത്രവും പുറകില്‍ 124 നോട്ട്ഔട്ട് എന്നുമാണ് എഴുതിയത്.

ബീഹാറിലെ വോട്ടര്‍ പട്ടികയിൽ നിന്നെടുത്തതാണ് ഈ പേര്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലുള്ള വോട്ടര്‍ ഐ.ഡി പ്രകാരം മിന്റ ദേവിക്ക് പ്രായം 124 ആണ്. എന്നാല്‍ ഇവര്‍ ജനിച്ചത് 1990ലാണ്. ഈ പിഴവാണ് ഇന്ത്യാസഖ്യം ആയുധമാക്കി മാറ്റിയത്.

ബീഹാറിലെ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലെ വീഴ്ചകള്‍ ദേശീയ ശ്രദ്ധയിലെത്തിക്കുന്നതിന് വേണ്ടിയാണ് മിന്റ ദേവിയുടെ പേര് പ്രധാനമായും ഉപയോഗിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് രാജ്യമൊട്ടാകെ ആ പേര് ചര്‍ച്ചയായത്.

കഴിഞ്ഞ ആഴ്ച ‘വോട്ട് ചോരി’ തട്ടിപ്പ് പുറത്തുവിട്ട് കൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും 124ാം വയസില്‍ കന്നിവോട്ട് ചെയ്യാന്‍ അവസരം ലഭിച്ച ഇവരെ പരാമര്‍ശിച്ചിരുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അടിമുടി ക്രമക്കേടുകളും പോരായ്മകളുമുള്ള വോട്ടര്‍ പട്ടികയില്‍ ഇനിയും ഇത്തരം കേസുകളുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയെന്ന നിലയില്‍ മിന്റ ദേവിയെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പരിഹസിച്ചിരുന്നു.

ദരുണ്ട നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മിന്റ. സംഭവം വിവാദമായതോടെ വോട്ടറുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ക്ക് നടപടി സ്വീകരിച്ചതായി സിവാന്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, വിവാദങ്ങളെ ചിരിയോടെയാണ് മിന്റ ദേവി കാണുന്നത്. എന്നാല്‍ തന്റെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ട് അണിഞ്ഞ എം.പിമാരുടെ നടപടിയെയും അവര്‍ വിമര്‍ശിച്ചു.

തന്റെ ഫോട്ടോ ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് വാര്‍ധക്യ പെന്‍ഷന്‍ നല്‍കുന്നില്ലെന്നും മിൻ്റ ദേവി ചോദിച്ചു.

Content Highlight: India Looking who is the Minta Devi from Bihar Voter List

We use cookies to give you the best possible experience. Learn more