ന്യൂദല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് രാഷ്ട്രപതി ഭവന് മുന്നില്‍ പ്രതിഷേധവുമായി എം.പിമാര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ്, സി.പി.ഐ.എം, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രപതി ഭവനിലെത്തി.
രാഷ്ട്രപതി ഭവനിലേക്ക് നേതാക്കള്‍ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ഭവന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനാരംഭിക്കുകയായിരുന്നു.
ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവര്‍ രാഷ്ട്രപതിയെ കണ്ട് സംസാരിക്കുമെന്ന് ഇന്ത്യ മുന്നണി നേരത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഇ.ടി. മുഹമ്മദ് ബഷീര്‍, ഡി. രാജ, സുപ്രിയ സുലേ, ഒമര്‍ അബ്ദുള്ള, രാജീവ് റായ്, മനോജ് ഝാ, തോള്‍ തിരുമാവളവന്‍ അടക്കമുള്ള നേതാക്കളും പ്രതിപക്ഷ സംഘത്തിലുണ്ടായിരുന്നു.
നേരത്തെ, രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും അവിടെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഇന്ത്യ മുന്നണി അറിയിച്ചിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആര്‍ പിന്‍വലിക്കലും അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഏതാനും ദിവസമായി തുടരുകയാണ്.
ഇതിനിടെ ഈ വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ എം.പിമാരും ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പാര്‍ലമെന്റില്‍ ഒത്തുചേര്‍ന്നിരുന്നു.
Content Highlight: INDIA leaders Protest at Rashtrapati Bhavan