| Sunday, 28th June 2026, 10:38 pm

ഓസീസിന് മുന്നില്‍ വീണ് ഇന്ത്യ പുറത്തേക്ക്; ചിരിച്ച് പ്രോട്ടിയാസ് പട

ഫസീഹ പി.സി.

ഐ.സി.സി വനിത ടി – 20 ലോകകപ്പില്‍ നിന്ന് പുറത്തായി ഇന്ത്യന്‍ ടീം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയോട് ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. എലിസ് പെറിയുടെയും ആഷ്ലി ഗാര്‍ഡ്‌നറുടെയും മികവിലാണ് ഓസീസിന്റെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് വനിതകള്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ഓസീസ് അപരാജിതരായി സെമിയിലേക്ക് കുതിച്ചപ്പോള്‍ സൗത്ത് ആഫ്രിക്കയും അടുത്ത ഘട്ടത്തിലേക്ക് കടന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറി നേടി. 27 പന്തില്‍ 56 റണ്‍സാണ് താരം എടുത്തത്. സ്മൃതി മന്ഥാന (37 പന്തില്‍ 38), ഷെഫാലി വര്‍മ (26 പന്തില്‍ 34), ജെമീമ റോഡ്രിഗസ് (28 പന്തില്‍ 34) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഓസീസിന് വേണ്ടി സോഫി മോളിനക്‌സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ ഓസീസിന് ജോര്‍ജിയ വോളിനെ നഷ്ടമായിരുന്നു. ഏറെ വൈകാതെ ബെത് മൂണി (20 പന്തില്‍ 22), ഫോബി ലിച്ച് ഫീല്‍ഡ് (25 പന്തില്‍ 24) എന്നിവര്‍ പുറത്തായി.

അതോടെ എലിസ് പെറി – ആഷ്ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ ഒന്നിച്ച് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. പെറി ജയത്തിനരികെ 38 പന്തില്‍ 56 റണ്‍സുമായി മടങ്ങി. പിന്നാലെ ഗാര്‍ഡ്‌നര്‍ 29 പന്തില്‍ 53 റണ്‍സുമായും ജോര്‍ജിയ വെയര്‍ഹാം രണ്ട് പന്തില്‍ നാല് റണ്‍സുമായും പുറത്താവാതെ നിന്ന് ഓസീസിന് വിജയം സമ്മാനിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മയും രേണുക സിങ്ങും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: India knock out of ICC Women’s T20 World Cup with loss against Australian women

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more