| Tuesday, 2nd September 2025, 12:22 pm

ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ; നിലപാട് മാറ്റം രണ്ട് മാസത്തിനിപ്പുറം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടിയാന്‍ജിന്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ. തിങ്കളാഴ്ച ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ കൗണ്‍സിലിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

ഇറാനിലെ ഇസ്രഈല്‍ ആക്രമണങ്ങളെ അപലപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് രണ്ട് മാസം മുന്‍പ് ഇന്ത്യ വിട്ടുനിന്നിരുന്നു. എന്നാല്‍ മോദി-ഷി ജിന്‍പിങ്-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യ വിഷയത്തില്‍ നിലപാട് മാറ്റുന്നത്. ശ്രദ്ധേയമായ ചില നയതന്ത്ര മാറ്റങ്ങള്‍ ഇന്ത്യ നടത്തുന്നു എന്നതിന്റെ സൂചന കൂടിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

2025 ജൂണില്‍ ഇറാനില്‍ അമേരിക്കയും ഇസ്രഈലും നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണെന്ന് യോഗത്തില്‍ ഇന്ത്യ പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെയും ഇറാന്റെ പരമാധികാരത്തിനെതിരെയുമുള്ള കടന്നുകയറ്റമാണെന്നും ആണവ അടിസ്ഥാന സൗകര്യങ്ങളും ഒപ്പം ജനതയുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഷാങ്ഹായ് സഹകരണ കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും പങ്കെടുത്തിരുന്നു.

2025 ജൂണില്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ അമേരിക്കയും ഇസ്രഈലും നടത്തിയ സൈനിക ആക്രമണങ്ങളെ തങ്ങള്‍ അപലപിക്കുന്നു’ എന്നാണ് ഷാങ്ഹായ് സഹകരണ കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമത്തിന്റെയും പരമാധികാരത്തിന്റെയും ലംഘനമാണെന്നും കൗണ്‍സില്‍ പറഞ്ഞു.

ചൈന, റഷ്യ, പാകിസ്ഥാന്‍, ഇറാന്‍, ഇന്ത്യ എന്നിവ ഉള്‍പ്പെടുന്ന എസ്.ഇ.ഒയിലെ സ്ഥിരം അംഗങ്ങള്‍ രാജ്യങ്ങളുടെ ആണവോര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

‘ആണവ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ളതും അതുവഴി സാധാരണക്കാര്‍ക്ക് ജീവഹാനി സംഭവിക്കുന്നതും അംഗീകരിക്കാനാവില്ല. ഇവയുടെ സംരക്ഷണം സ്ഥിരമായി ഉറപ്പാക്കണം,’ പ്രഖ്യാപനത്തില്‍ പറഞ്ഞു.

ജൂണില്‍ ഇറാനിയന്‍ സൈനിക, ആണവ കേന്ദ്രങ്ങള്‍ക്കെതിരെ യു.എസും ഇസ്രഈലും നടത്തിയ സംയുക്ത ആക്രമണങ്ങള്‍ മേഖലയില്‍ സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും അപകടകരമായ സംഘര്‍ഷങ്ങളില്‍ ഒന്നായാണ് കരുതപ്പെടുന്നത്.

ഇറാനിലെ ഷഹ്‌റാനിലെ എണ്ണ സംഭരണ കേന്ദ്രമുള്‍പ്പെടെ ഇസ്രഈല്‍-യു.എസ് ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇസ്രഈല്‍ നഗരങ്ങളായ ഹൈഫയിടലക്കം ഇറാന്‍ ആക്രമണം ശക്തമാക്കുകയും ചെയ്തിരുന്നു.

Content Highlight: India joins SCO in condemning US-Israel strikes on Iran

We use cookies to give you the best possible experience. Learn more