| Monday, 25th May 2026, 6:46 am

ഇസ്രഈലിന് ആയുധമെത്തിച്ചതില്‍ ഇന്ത്യ രണ്ടാമത്; ഗസ യുദ്ധത്തിനിടെ സഹായം നല്‍കിയത് 51 രാജ്യങ്ങള്‍

ആദര്‍ശ് എം.കെ.

ദോഹ: ഗസയിലെ സൈനിക നടപടികളില്‍ ഇന്ത്യയുള്‍പ്പടെ 51 രാജ്യങ്ങള്‍ ഇസ്രഈലിന് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയതായി റിപ്പോര്‍ട്ട്. യുദ്ധത്തില്‍ അമേരിക്ക 42 ശതമാനം ആയുധങ്ങള്‍ നെതന്യാഹു ഭരണകൂടത്തിന് നല്‍കിയപ്പോള്‍ ഏറ്റവുമധികം ആയുധങ്ങള്‍ വിതരണം ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട്. 26 ശതമാനം ആയുധങ്ങളും എത്തിച്ചുനല്‍കിയത് ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഗസയിലെ വംശഹത്യ തടയണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) 2024 ജനുവരിയില്‍ ഉത്തരവിട്ടിട്ടും ഇന്ത്യ ഉള്‍പ്പെടെയുള്ള 51 രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും ഇസ്രഈലിന് സൈനിക സഹായം നല്‍കുന്നത് തുടര്‍ന്നു.

ഇസ്രഈലിന്റെ നടപടികളില്‍ വംശഹത്യയുടെ സാധ്യതയുണ്ടെന്ന് ഐ.സി.ജെ മുന്നറിയിപ്പ് നല്‍കിയിട്ടും, ആയുധ ഇറക്കുമതി കുറയുന്നതിന് പകരം വര്‍ധിക്കുകയാണുണ്ടായത്.

ഇസ്രഈലിലേക്ക് എത്തിയ ആകെ സൈനിക സാമഗ്രികളുടെ മൂല്യത്തിന്റെ 91 ശതമാനവും രേഖപ്പെടുത്തപ്പെട്ടത് ഈ കോടതി വിധിക്ക് ശേഷമാണ് എന്നതും ശ്രദ്ധേയമാണ്.

2023 ഒക്ടോബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഏകദേശം 885.6 ദശലക്ഷം ഡോളര്‍ (ഏകദേശം 3.22 ബില്യണ്‍ ഷെക്കല്‍) മൂല്യമുള്ള സൈനിക സാമഗ്രികള്‍ ഇസ്രഈലിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കമ്പനികളായ കല്യാണി റാഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസ് (കെ.ആര്‍.എ.എസ്), ഇക്കണോമിക് എക്‌സ്‌പ്ലോസീവ്‌സ് ലിമിറ്റഡ്, അശോക മാനുഫാക്ചറിങ് തുടങ്ങിയവ ഇസ്രഈലിലെ പ്രതിരോധ കമ്പനികള്‍ക്ക് ആയുധ ഘടകങ്ങള്‍ കയറ്റുമതി ചെയ്തു.

സ്‌ഫോടക വസ്തുക്കളില്‍ ഉപയോഗിക്കുന്ന 5,54,120 ‘ഹെവി ഫ്രാഗ്’ (HEAVY FRAG) ഘടകങ്ങള്‍, 155 എം.എം പ്രൊജക്‌റ്റൈല്‍ ബോഡികള്‍, ബൂസ്റ്റര്‍ പെല്ലറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഗസയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സമയങ്ങളിലും ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ സ്‌ഫോടകവസ്തുക്കള്‍ കയറ്റുമതി ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയും ഇന്ത്യയും കഴിഞ്ഞാല്‍ ഇസ്രഈലിന് ഏറ്റവും കൂടുതല്‍ ആയുധ സാമഗ്രികള്‍ നല്‍കിയത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ്. ആകെ മൂല്യത്തിന്റെ 19 ശതമാനമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നെത്തിയത്. ഇതില്‍ റൊമാനിയ (8%), ചെക്ക് റിപ്പബ്ലിക് (3%) എന്നിവയാണ് മുന്‍പന്തിയില്‍.

ചൈന, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സൈനിക സാമഗ്രികളും ഇസ്രഈലിലെത്തിയിട്ടുണ്ട്.

ഇസ്രഈലുമായുള്ള വ്യാപാരം പൂര്‍ണമായി നിര്‍ത്തിയെന്ന് അവകാശപ്പെട്ടെങ്കിലും, തുര്‍ക്കിയില്‍ നിന്നുള്ള സൈനിക സാമഗ്രികള്‍ വിമാനത്താവളങ്ങള്‍ വഴി ഇസ്രഈലിലേക്ക് എത്തുന്നത് തുടര്‍ന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വിവിധ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളില്‍ 2025 ഒക്ടോബര്‍ ആയപ്പോഴേക്കും ഗാസയില്‍ 70,000ലധികം ആളുകള്‍ കൊല്ലപ്പെടുകയും 171,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസയിലെ 81 ശതമാനം കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങള്‍ നിലനില്‍ക്കെത്തന്നെ രാജ്യങ്ങള്‍ വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്ന രീതിയിലാണ് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും കുറ്റപ്പെടുത്തുന്നു.

Content Highlight: India is the second largest arms supplier to Israel; 51 countries provided aid during the Gaza war

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more