| Saturday, 26th July 2025, 7:26 pm

ഇന്ത്യ ഏറ്റവും വലിയ വിശ്വസ്ത പങ്കാളി; മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു

സ്പോര്‍ട്സ് ഡെസ്‌ക്

മാലി: മാലി ദ്വീപിന്റെ ഏറ്റവും വലിയ വിശ്വസ്ത പങ്കാളിയാണ് ഇന്ത്യയെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുമായുള്ള പങ്കാളിത്തം വിലമതിക്കാനാകാത്തതാണെന്നും അത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും മുയിസു പറഞ്ഞു.

മോദി കൂടി പങ്കെടുത്ത പത്രസമ്മേളനത്തിലായിരുന്നു മുയിസുവിന്റെ പരാമര്‍ശം. ദ്വിദിന സന്ദര്‍ശനത്തിനായാണ് മോദി മാലിദ്വീപിലെത്തിയത്. ഇന്ത്യ ദീര്‍ഘകാലമായി രാജ്യത്തിന്റെ പങ്കാളിയാണെന്നും മാലിദ്വീപിന്റെ രക്ഷയ്ക്ക് പലപ്പോഴും ആദ്യം എത്തുന്നത് ഇന്ത്യയാണെന്നും മുയിസു പറഞ്ഞു.

ഇരുരാജ്യങ്ങളും സ്വതന്ത്ര വ്യാപാരക്കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും മുയിസു പ്രഖ്യാപിച്ചു. ‘ഇന്ത്യ എല്ലാകാലത്തും മാലിദ്വീപിനോട് ഒപ്പം നിന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സുരക്ഷ, ആരോഗ്യരംഗം, വിദ്യാഭ്യാസം എന്നിങ്ങനെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിവിധ മേഖലകളെ ഉള്‍ക്കൊള്ളിച്ചതാണ്,’ മുയിസു പറഞ്ഞു. കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവിന് കീഴില്‍ പ്രതിരോധ, സമുദ്ര സുരക്ഷാ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും ആഹ്വാനം ചെയ്തു.

‘നെയിബര്‍ഹുഡ് ഫസ്റ്റ്, ‘മഹാസാഗര്‍’ ദര്‍ശനം എന്നീ നയങ്ങള്‍ക്ക് അനുസൃതമായി ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത മോദിയും ആവര്‍ത്തിച്ചു.

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ പ്രയോജനം പ്രയോജനപ്പെടുത്തണമെന്ന് മോദി ചൂണ്ടിക്കാട്ടി, യു.പി.ഐ ഇടപാട്, റുപേ കാര്‍ഡിന്റെ സ്വീകാര്യത, പ്രാദേശിക കറന്‍സികളിലെ വ്യാപാരം എന്നിവയിലെ സമീപകാല ധാരണകളെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

‘ഇന്ത്യ ഔട്ട്’ പ്രചാരണം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഇന്ത്യയെ പുകഴ്ത്തിയുള്ള  മുയിസുവിന്റെ പ്രസ്താവന പുറത്ത് വരുന്നത്. ചൈന അനുകൂലിയായ മുയിസു അധികാരത്തില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യത്തെ മാലിദ്വീപില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനത്തെ മാലി മന്ത്രിമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു.

തുടര്‍ന്ന് ഇവരെ സര്‍ക്കാര്‍ പുറത്താക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ധിച്ചതോടെ ഇന്ത്യക്കാരുടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മാലിദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറയുകയും ഇത് രാജ്യത്തിന്റെ സാമ്പത്തികമായി ദോഷകരമായി ബാധിക്കുകയും ചെയ്തിരുന്നു.

Content Highlight: India is the most trusted partner: Maldives President Mohamed Muizzu 

We use cookies to give you the best possible experience. Learn more