| Monday, 28th December 2015, 10:23 am

ഇന്ത്യ ആര്‍.എസ്.എസിനേക്കാള്‍ ശക്തം: ഇര്‍ഫാന്‍ ഹബീബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാല്‍ഡ: ഇന്ത്യ രാജ്യം ആര്‍.എസ്.എസിനേക്കാള്‍ ശക്തമാണെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഒരു തരത്തിലുള്ള മത അസഹിഷ്ണുതയ്ക്കും രാജ്യം വഴങ്ങില്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. രാമായണവും മഹാഭാരതവും ചരിത്രമാണെന്ന് അതെഴുതിയവര്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഇവയെല്ലാം ഐതിഹ്യങ്ങളാണ്. പുരാണങ്ങളെ ചരിത്രമായി അവതരിപ്പിക്കുന്നത് അപകടകരമാണെന്നും ബി.ജെ.പിയെ ഉപയോഗിച്ച് ആര്‍.എസ്.എസ് ഇതാണ് ശ്രമിക്കുന്നതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

ആര്‍.എസ്.എസിനെ സംബന്ധിച്ചെടുത്തോളം ഭരണം നടത്താനുള്ള ഉപകരണം മാത്രമാണ് ബി.ജെ.പി. രാജ്യത്തെ ജനങ്ങള്‍ക്കെതിരായിട്ടാണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. പൊതു തെരഞ്ഞെടുപ്പിലെ വിജയം ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ക്ക് നല്‍കിയ പിന്തുണയല്ല. തെരഞ്ഞെടുപ്പില്‍ 31% ശതമാനം വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത് ഇത് രാജ്യത്തിന്റെ മതേതര ഘടനയെ മാറ്റി മറക്കാനുള്ള അനുമതിയായിട്ടാണ് ബി.ജെ.പി കരുതുന്നതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മെട്രിക്കുലേഷന്‍ ഏറ്റവും കുറഞ്ഞ യോഗ്യതയായി പരിഗണിക്കുന്ന ഹരിയാന സര്‍ക്കാരിന്റെ നിയമത്തെയും ഇര്‍ഫാന്‍ ഹബീബ് വിമര്‍ശിച്ചു. ഇക്കണക്കിന് വോട്ടു ചെയ്യുന്നതിനും അവര്‍ യോഗ്യത ഏര്‍പ്പെടുത്തുമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

വസ്തുതകളെ പരിശോധിക്കുന്നതിന് പകരം ചരിത്രം കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനാലാണ് 8000 ബി.സിയില്‍ ചെമ്പിന്റെ ഉപയോഗം ഉണ്ടായിരുന്നുവെന്നതിന് റിഗ്വേദത്തില്‍ തെളിവുണ്ടെന്ന് പറയുന്നതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

ചരിത്രത്തെ വിവിധ രീതിയില്‍ അപഗ്രഥിക്കാറുണ്ട്. ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍  ഡി.സി സര്‍ക്കാരിനെ പോലുള്ള ചരിത്രകാരന്‍മാര്‍ പോലും ആര്‍.എസ്.എസിന്റെ വാദങ്ങളെ അംഗീകരിക്കില്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

1925 മുതല്‍ 1947 വരെ ആര്‍.എസ് എവിടെ ആയിരുന്നുവെന്നും ഒരിക്കല്‍ പോലും രാജ്യത്തിന് വേണ്ടി സംസാരിക്കാന്‍ ഒരിക്കല്‍ പോലും ആര്‍.എസ്.എസിനെ കണ്ടിട്ടില്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം ദേശഭക്തി പ്രസംഗിക്കാന്‍ എളുപ്പമാണ്.

We use cookies to give you the best possible experience. Learn more