| Wednesday, 12th August 2026, 10:50 am

നൂറല്ല ഇരുന്നൂറല്ല, അതുക്കും മേലെ അറുന്നൂറ്; റണ്ണും വേണ്ട വിക്കറ്റും വേണ്ട, കളത്തിലിറങ്ങിയാല്‍ ചരിത്രം

ആദർശ് എം.കെ.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ വീണ്ടും റെഡ് ബോള്‍ മത്സരങ്ങള്‍ക്കിറങ്ങുകയാണ്. ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റുകളാണ് ഇനി ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ഓഗസ്റ്റ് 15നാണ് പരമ്പരയിലെ ആദ്യ മത്സരം. ഗല്ലെയാണ് വേദി.

പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. തങ്ങളുടെ 600ാം ടെസ്റ്റ് മത്സരത്തിനാണ് ടീം കളത്തിലിറങ്ങുന്നത് എന്നതുതന്നെ ഇതിന് കാരണം.

വിഖ്യാതമായ ഗാബ ടെസ്റ്റ് വിജയത്തിന് ശേഷം

ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ രണ്ട് ടീമുകള്‍ മാത്രമാണ് 600 ടെസ്റ്റുകള്‍ കളിച്ചത് എന്നതാണ് ഈ മത്സരത്തെ കൂടുതല്‍ സ്‌പെഷ്യലാക്കുന്നത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും മാത്രമാണ് ഇതിന് മുമ്പ് 600 അന്താരാഷ്ട്ര ടെസ്റ്റുകള്‍ കളിച്ചത്. ഇംഗ്ലണ്ട് 1097 ടെസ്റ്റുകളും കങ്കാരുക്കള്‍ 882 ടെസ്റ്റുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം മത്സരങ്ങള്‍

(ടീം മത്സരം എന്നീ ക്രമത്തില്‍)

ഇംഗ്ലണ്ട് 1097

ഓസ്‌ട്രേലിയ 882

ഇന്ത്യ 599*

വെസ്റ്റ് ഇന്‍ഡീസ് 596

ന്യൂസിലാന്‍ഡ് 487

സൗത്ത് ആഫ്രിക്ക 479

പാകിസ്ഥാന്‍ 471

ശ്രീലങ്ക 329

ബംഗ്ലാദേശ് 159

സിംബാബ്‌വേ 130

അഫ്ഗാനിസ്ഥാന്‍ 13

അയര്‍ലന്‍ഡ് 13

ഐ.സി.സി വേള്‍ഡ് ഇലവന്‍ 1

ഒമ്പതര പതിറ്റാണ്ടിന് മുമ്പ്, 1932ലാണ് ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഹോം ടീം ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. സി.കെ നായിഡുവിന് കീഴില്‍ ഇറങ്ങിയ ഇന്ത്യ അന്ന് 158 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

സി.കെ നായിഡു. Photo Wikipedia 

സ്‌കോര്‍

ഇംഗ്ലണ്ട് 259 & 275/8d

ഇന്ത്യ 189 & 187

ആദ്യ ടെസ്റ്റ് ടീം. Photo: Wikipedia

ശേഷം, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെ പലപ്പോഴായി പരമ്പരകള്‍ കളിച്ചെങ്കിലും വിജയത്തിലേക്കെത്താന്‍ മാത്രം ഇന്ത്യയ്ക്ക് സാധിച്ചില്ല. 1952ലാണ് വിജയത്തിനായുള്ള ആ കാത്തിരിപ്പ് അവസാനിക്കുന്നത്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ഇന്നിങ്‌സിനും എട്ട് റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. ചെന്നൈയാണ് ആ ചരിത്ര വിജയത്തിന് സാക്ഷ്യം വഹിച്ചത്.

സ്‌കോര്‍

ഇംഗ്ലണ്ട് 266 & 183

ഇന്ത്യ 457/9 d

വിജയ് ഹസാരെ

വിജയ് ഹസാരെയായിരുന്നു ഈ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത്. 25ാം ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-1ന് സമനിലയിലെത്തിക്കുകയും ചെയ്തു. ആദ്യമായാണ് ഇന്ത്യ പരമ്പര പരാജയപ്പെടാതെ കാത്തത് എന്ന പ്രത്യേകതയും ഈ സീരീസിനുണ്ടായിരുന്നു.

അടുത്ത വര്‍ഷം (1952/53) തങ്ങളുടെ ആദ്യ പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. പാകിസ്ഥാനായിരുന്നു എതിരാളികള്‍. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ വിജയിച്ചത്.

Content Highlight: India is set to become the third team to play 600 Test matches. The first match against Sri Lanka will be India’s 600th Test.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more