| Thursday, 16th October 2025, 3:22 pm

ഉപഭോക്താക്കളുടെ താത്പര്യത്തിനാണ് മുന്‍ഗണന; ട്രംപിന്റെ അവകാശവാദത്തില്‍ ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിച്ച് ഇന്ത്യ.

ഉപഭോക്താക്കളുടെ താത്പര്യത്തിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും വിപണി വിപുലീകരിക്കുന്നതാണ് ലക്ഷ്യമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിന്റെ വാക്കുകളെ തള്ളിക്കളയുന്നതാണ് ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ കുറിച്ചും രാജ്യത്തിന്റെ താത്പര്യങ്ങളെ കുറിച്ചും മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. ഇന്ത്യ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ടൊരു രാജ്യമാണ്.

ഇന്ത്യയിലെ ഉപഭോക്താക്കളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനാണ് രാജ്യം മുന്‍ഗണന നല്‍കുന്നത്, ഇറക്കുമതി നയങ്ങളെ മുന്നോട്ട് നയിക്കുന്നത് ഈ ലക്ഷ്യമാണെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

യു.എസുമായി ഊര്‍ജസംരക്ഷണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും നിലവിലെ യു.എസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊര്‍ജ സഹകരണത്തില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

സ്ഥിരതയുള്ള ഊര്‍ജവില, സുരക്ഷിതമായ ഊര്‍ജ വിതരണം ഉറപ്പാക്കല്‍ എന്നിവയാണ് ഇന്ത്യയുടെ ഊര്‍ജ നയത്തിന്റെ പ്രധാനപ്പെട്ട രണ്ട് ലക്ഷ്യങ്ങള്‍. ഊര്‍ജ സ്രോതസുകള്‍ വിപുലികരിക്കുന്നതും വൈവിധ്യവത്കരിക്കുന്നതും രാജ്യത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.

ഇന്ത്യ വര്‍ഷങ്ങളായി ഊര്‍ജ സംഭരണം വിപുലീകരിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും യു.എസിനെ പരാമര്‍ശിച്ചുകൊണ്ട് ജയ്‌സ്വാള്‍ പ്രതികരിച്ചു.

ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അറിയിച്ചതായി ട്രംപ് ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഉപരോധമടക്കം പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ട്രംപിന്റെ പ്രസ്താവന. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നത് ഉക്രൈന്‍ യുദ്ധത്തിന് സഹായം നല്‍കുന്നതിന് തുല്യമാണെന്നും മോദിയോട് ഇക്കാര്യത്തിലെ ആശങ്ക താന്‍ പങ്കുവെച്ചിരുന്നെന്നും ട്രംപ് പറഞ്ഞിരുന്നു.

എണ്ണ വാങ്ങുന്നത് പെട്ടെന്ന് അവസാനിപ്പിക്കാനാകില്ലെന്നും സമയമെടുത്താണെങ്കിലും വ്യാപാരം അവസാനിപ്പിക്കുമെന്ന് അറിയിച്ചെന്നും മോദി തന്റെ അടുത്ത സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. റഷ്യയുമായുള്ള ചൈനയുടെ എണ്ണ വ്യാപാരം അവസാനിപ്പിക്കാന്‍ നടപടികളെടുക്കുമെന്നും ട്രംപ് പ്രതികരിച്ചിരുന്നു.

അതേസമയം, ഇന്ത്യയുടെയും യു.എസിന്റെയും വിഷയത്തില്‍ ഇടപെടില്ലെന്ന് റഷ്യ ഔദ്യോഗികമായി പ്രതികരിച്ചു. ഇന്ത്യന്‍ വിപണിക്ക് റഷ്യയുമായുള്ള എണ്ണ വ്യാപാരം നേട്ടമാണ് സമ്മാനിക്കുന്നതെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപൊവ് പ്രതികരിച്ചിരുന്നു.

യു.എസ് വിപണി ക്രൂഡ്, പെട്രോളിയം ഉത്പന്നങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് കഴിഞ്ഞമാസം ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ പ്രസ്താവിച്ചിരുന്നു. നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകളുടെ ഫലമായി അസംസ്‌കൃത എണ്ണ, പെട്രോളിയം ഉത്പന്നങ്ങള്‍, വാതകങ്ങള്‍ എന്നിവയുടെ വ്യാപാരത്തിനായി ഇന്ത്യന്‍ വിപണികള്‍ തുറക്കുമെന്ന് യു.എസ് പ്രതീക്ഷിക്കുന്നുണ്ടെന്നും ഗോര്‍ പ്രതികരിച്ചിരുന്നു.

നേരത്തെ റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ഇന്ത്യ പരോക്ഷമായി സഹായം ചെയ്യുകയാണെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം.

Content Highlight: India is prioritizing consumer interests, India On Trump’s claim

We use cookies to give you the best possible experience. Learn more