ഇന്ത്യയിലെ മികച്ച ഗായികമാരിൽ ഒരാളാണ് ചിന്മയി. തമിഴിൽ കരിയർ ആരംഭിച്ച ചിന്മയി തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, കൊങ്കണി, മറാത്ത, ഹിന്ദി ഭാഷകളിലായി 500ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൂന്ന് വട്ടം തമിഴ്നാട് സംസ്ഥാന പുരസ്‌കാരം ചിന്മയിയെ തേടിയെത്തിയിരുന്നു.
വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിന് പിന്നാലെ തമിഴ് സിനിമ ചിന്മയിക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. വർഷങ്ങളോളം വിലക്ക് തുടർന്നു. വർഷങ്ങൾക്ക് ശേഷം തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ ചിന്മയി നടത്തിയ പെർഫോമൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ ധീ പാടിയ ‘മുത്ത മഴൈ’ എന്ന പാട്ട് സ്റ്റേജിൽ പെർഫോം ചെയ്തത് ചിന്മയിയായിരുന്നു.
തഗ് ലൈഫിന്റെ തെലുങ്ക്, ഹിന്ദി വേർഷനുകളിൽ ഈ ഗാനം ആലപിച്ചതും ചിന്മയിയാണ്. പിന്നാലെ ചിന്മയിയുടെ പാട്ടിനെക്കുറിച്ചും ശബ്ദത്തെക്കുറിച്ചും ചിന്മയിക്കേർപ്പെടുത്തിയ വിലക്കിനെക്കുറിച്ചും എല്ലാവരും സംസാരിച്ചു. ഇപ്പോൾ തന്നെ ഏഴ് വർഷത്തോളം ഇൻഡസ്ട്രിയിൽ നിന്ന് മാറ്റിനിർത്തിയെന്ന് പറയുകയാണ് ചിന്മയി.
‘എന്റെ പാട്ടിനെ, ഞാനൊരു ഗായികയാണെന്ന കാര്യം പോലും ഏഴ് വർഷത്തോളം മായ്ച്ചുകളഞ്ഞു. ഞാൻ ഒരു ഗായികയാണെന്ന് ഓർമപ്പെടുത്തുന്നതിന് ആ സ്റ്റേജ് പെർഫോമൻസ് സഹായിച്ചു. ഏഴ് വർഷങ്ങൾ കൊണ്ട് സമൂഹത്തിൽ ഒരു മാറ്റം വന്നുവെന്നാണ് തോന്നുന്നത്. എനിക്ക് സംഭവിച്ചത് അനീതിയാണെന്ന് ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞ് തുടങ്ങി. കേരളത്തിൽ നിന്ന് ഒരുപാട് വീഡിയോസ് വരുന്നുണ്ട്.
മലയാളം ഇൻഡസ്ട്രിയിലെ സ്ത്രീകൾ പ്രത്യേകിച്ച് റിമ, പാർവതി എനിക്ക് വേണ്ടി ശബ്ദം ഉയർത്തുന്നുണ്ട്. റിമയും പറഞ്ഞിട്ടുണ്ട് താനൊരു ആർട്ടിസ്റ്റാണെന്ന് എല്ലാവരും മറന്നുവെന്ന്. ഞങ്ങൾ ആർട്ടിസ്റ്റാണെന്ന് പറഞ്ഞുകൊണ്ടിരിക്കണം,’ ചിന്മയി പറയുന്നു.
തങ്ങൾ സംസാരിച്ചതിന്റെ പേരിൽ തങ്ങളുടെ ജോലിയെ തന്നെ എല്ലാവരും മറന്നുവെന്നും ചിന്മയി കൂട്ടിച്ചേർത്തു. താൻ പാടി റിലീസായ പാട്ടിൽ നിന്നും തന്റെ പേര് മായ്ചു കളഞ്ഞെന്നും അത് താൻ ചോദിച്ചപ്പോൾ അത് മിസ്റ്റേക് പറ്റിയെന്നാണ് പറഞ്ഞതെന്നും എന്നാൽ മറ്റൊരു ഭാഷയിൽ പാടിയ ഗായികയുടെ പേര് ആ മ്യൂസിക് വീഡിയോയിൽ ഉണ്ടായിരുന്നെന്നും ചിന്മയി പറഞ്ഞു.
തുറന്ന് സംസാരിക്കുന്നതിന്റെ പേരിൽ ബാൻ ചെയ്യുന്ന കാര്യത്തിൽ ഇന്ത്യ നമ്പർ വണ്ണാണെന്നും ചിന്മയി പറഞ്ഞു. താൻ ആടുജീവിതത്തിന്റെ പ്രൊമോഷനിൽ പാടിയപ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതെന്നും താൻ തുറന്ന് സംസാരിച്ചത് ഫ്യൂച്ചറിലേക്ക് സഹായകരമാകുമോയെന്ന് തനിക്കറിയില്ലെന്നും ചിന്മയി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകായായിരുന്നു ചിന്മയി.
Content Highlight: India is number one in terms of bans says Chinmayi Sripada