| Wednesday, 17th September 2025, 10:32 am

ഒമാനെതിരെ ഇന്ത്യയിറങ്ങുക സൂപ്പര്‍താരമില്ലാതെ?

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യ കപ്പില്‍ ഇന്ത്യയുടെ അവസാന മത്സരത്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 19നാണ് ഇന്ത്യയുടെ ഒമാനുമായുള്ള മത്സരം നടക്കുക. സൂപ്പര്‍ ഫോറിലെ മത്സരങ്ങള്‍ക്കായി താരത്തെ പൂര്‍ണ ഫിറ്റ്‌നസില്‍ നിലനിര്‍ത്താനാണ് ഈ നീക്കമെന്നാണ് വിവരം.

നിലവില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് കടന്നിട്ടുണ്ട്. അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് അടുത്ത ഘട്ടത്തിലേക്കുള്ള മുന്നൊരുക്കം മാത്രമാണ് ഈ മത്സരം. അതിനാല്‍ തന്നെ കൂടുതല്‍ കടുത്ത മത്സരങ്ങള്‍ ഉണ്ടായേക്കാവുന്ന സൂപ്പര്‍ ഫോറിലേക്ക് താരത്തിനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാണ് ബുംറയ്ക്ക് വിശ്രമം നല്‍കുന്നത്.

ഒമാനെതിരെ ബുംറ പുറത്തിരിക്കുകയാണെങ്കില്‍ യുവതാരം അര്‍ഷ്ദീപ് സിങ്ങിന് കളിക്കാന്‍ അവസരം ലഭിച്ചേക്കും. ടി – 20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരത്തിന് ഇതുവരെ ഏഷ്യാ കപ്പില്‍ ഒരു അവസരവും ലഭിച്ചിട്ടില്ല. അങ്ങനെ ടീമിലെത്താന്‍ അര്‍ഷ്ദീപിന് സാധിച്ചാല്‍ കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമാകാനും സാധിക്കും.

അതേസമയം, ഏഷ്യാ കപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യ മുന്നേറികൊണ്ടിരിക്കുന്നത്. കളത്തിലിറങ്ങിയ രണ്ട് മത്സരങ്ങളിലും ആധികാരികമായ ജയവുമായാണ് ഇന്ത്യ തിരിച്ച് കയറിയത്.

ഒന്നാം മത്സരത്തില്‍ യു.എ.ഇ ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. പിന്നാലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ഒരു അവസരവും നല്‍കാതെ ജയിച്ചു. ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ മെന്‍ ഇന്‍ ഗ്രീനിനെതിരെ നേടിയത്.

നാല് പോയിന്റുമായി നിലവില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യയാണ് ഒന്നാമത്. ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഫോറില്‍ എത്തിയ ഏക ടീമും ഇന്ത്യയാണ്. ഹോങ് കോങ് ചൈന മാത്രമാണ് ഇതുവരെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ബാക്കി മൂന്ന് സ്‌പോട്ടിനായി കടുത്ത മത്സരമാണ് ഇരു ടീമുകളിലും നടക്കുന്നത്.

ഇന്ന് നടക്കുന്ന യു.എ.ഇ യും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെയും സെപ്റ്റംബര്‍ 18ന് നടക്കുന്ന ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെയും ഫലമാണ് സൂപ്പര്‍ ഫോര്‍ ചിത്രം വ്യക്തമാക്കുക.

Content Highlight: India is likely to rest Jasprit Bumrah against Oman in Asia Cup: Report

We use cookies to give you the best possible experience. Learn more