| Tuesday, 24th March 2026, 3:30 pm

എല്‍.പി.ജി ഉള്‍പ്പെടെ ഇന്ധനങ്ങള്‍ക്ക് രാജ്യം ക്ഷാമം നേരിടുന്നു; പാര്‍ലമെന്റില്‍ തുറന്ന് സമ്മതിച്ച് മോദി

അനിത സി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ ആശങ്കയെ കുറിച്ച് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം രാജ്യത്തെ എണ്ണവിതരണത്തിലടക്കം തിരിച്ചടി നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി തുറന്നുസമ്മതിച്ചു.

നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷം രാജ്യത്തിന്റെ വ്യാപാര പാതകളെ ബാധിക്കുന്നുണ്ടെന്നും അക്കാരണങ്ങള്‍കൊണ്ട് പെട്രോള്‍, ഡീസല്‍, ഗ്യാസ്, വളങ്ങള്‍ തുടങ്ങിയ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി ചൊവ്വാഴ്ച പറഞ്ഞു.

സംഘര്‍ഷം ലോകമെമ്പാടും വലിയ ഊര്‍ജ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകമെമ്പാടുനിന്നുമുള്ള കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. നിരവധി ഇന്ത്യന്‍ ക്രൂ അംഗങ്ങള്‍ ഈ കപ്പലുകളിലുണ്ടെന്നത് ഇന്ത്യക്ക് ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും യു.എസ്, ഇസ്രഈല്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും സംഘര്‍ഷം ലഘൂകരിക്കേണ്ടതിനെ കുറിച്ചും ഈ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിലവില്‍ അസംസ്‌കൃത എണ്ണക്ക് ക്ഷാമമില്ലെന്നും ആവശ്യമായ ശേഖരണമുണ്ടെന്നും മോദി അവകാശപ്പെട്ടു.

അതേസമയം, പശ്ചിമേഷ്യ ഒരു സംഘര്‍ഷത്തിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും മോദി സര്‍ക്കാര്‍ മുന്നൊരുക്കങ്ങളും ബദല്‍ സംവിധാനങ്ങളും ഒരുക്കിയില്ലെന്ന് പ്രതിപക്ഷം കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. മോദി പ്രതിസന്ധി പരിഹരിക്കുന്നതില്‍ പൂര്‍ണ പരാജയമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഈ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് മോദി രാജ്യത്ത് ഇന്ധനക്ഷാമമുണ്ടെന്ന് പാര്‍ലമെന്റില്‍ തുറന്നുസമ്മതിച്ചിരിക്കുന്നത്.

Content Highlight: India is facing shortage of petrol, natural gas; Modi openly admits in Rajya Sabha

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more