ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ഭീകരവാദം, മതഭ്രാന്ത്, കടമെടുപ്പ് എന്നിവയില്‍ പാകിസ്ഥാന്‍ മുങ്ങി നില്‍ക്കുമ്പോള്‍ ഇന്ത്യ സാമൂഹികപരമായും സാമ്പത്തികപരമായും സുരക്ഷയിലും മുന്നോട്ട് കുതിക്കുകയാണെന്ന് യു.എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ പര്‍വതനേനി ഹരീഷ് വിമര്‍ശിച്ചു.
ബഹുരാഷ്ട്രീയതയിലൂടെ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ നടന്ന ഉന്നതതല ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഭീകരതയോട് ഒരു വിട്ടുവീഴ്ചയും കാണിക്കരുത് എന്നത് അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണെന്നും എന്നാല്‍ പാകിസ്ഥാന്‍ ഇതിന് വിപരീതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും ഹരീഷ് ആരോപിച്ചു.
ഇന്ത്യ ഉത്തരവാദിത്തമുള്ള ഒരു രാജ്യവും ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗവുമാണ്. സമാധാനപരവും നീതിയുക്തവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവര്‍ത്തിക്കുന്നതില്‍ എല്ലായ്‌പ്പോഴും പങ്കാളിയാകാറുമുണ്ട്. ഐക്യരാഷ്ട്രസഭയില്‍, ക്രിയാത്മകമായി സജീവമായി ഇടപഴകുന്ന ഒരു രാജ്യവുമാണ് ഇന്ത്യയെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
പുരോഗതി, സമൃദ്ധി, വികസന മാതൃകകള്‍ എന്നിവയില്‍ ഇന്ത്യയുടെ നേര്‍ വിപരീതമാണ് പാകിസ്ഥാനെന്നും ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.
ഇന്ത്യ ആഗോള സമ്പദ് വ്യവസ്ഥയില്‍ മുന്നേറ്റം നടത്തുമ്പോള്‍, പാകിസ്ഥാന്‍ അന്താരാഷ്ട്ര വേദികളില്‍ നിന്ന് കടം വാങ്ങുന്ന തിരക്കിലാണെന്നും ഹരീഷ് പറഞ്ഞു. ‘ഇന്ത്യ പക്വതയുള്ളതും ജനാധിപത്യപരവും, കുതിച്ചുയരുന്ന സമ്പദ് വ്യവസ്ഥയുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹവുമാണ്. മറുവശത്ത് മതഭ്രാന്തും ഭീകരതയും നിറഞ്ഞതും ഐ.എം.എഫില്‍ നിന്ന് തുടര്‍ച്ചയായി കടം വാങ്ങുന്നതുമായ പാകിസ്ഥാനാണുള്ളത്,’ അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തേയും ഹരീഷ് ചര്‍ച്ചയില്‍ ഓര്‍മിപ്പിച്ചു. ഇതിന് മറുപടിയായി ഇന്ത്യ നല്‍കിയ മറുപടി കൃത്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്ഥാന്‍. അടുത്തിടെ പാകിസ്ഥാന് 2.3 ബില്യണ്‍ ഡോളര്‍ വായ്പയും ബെയില്‍ഔട്ട് പാക്കേജും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) അനുവദിച്ചിരുന്നു. ഈ തീരുമാനത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പണം അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതിന് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: India is a surging economy, but Pakistan is busy in borrowing says Indian Ambassador at UN