| Monday, 23rd November 2026, 9:49 am

ഇന്ത്യ ഹിന്ദു രാഷ്ട്രം: മദ്രസകളില്‍ പഠിപ്പിക്കുന്നത് ഹിന്ദു വിരോധം മാത്രം: മുസ്‌ലിങ്ങള്‍ക്ക് വസ്തുവകകള്‍ വില്‍ക്കരുത്: മഹാരാഷ്ട്ര മന്ത്രി

നിഷാന. വി.വി

മുംബെ: മഹാരാഷ്ട്രയിലെ ജനസംഖ്യാ മാറ്റങ്ങള്‍ നിരീക്ഷിക്കണമെന്നും വസ്തുവകകള്‍ സ്വന്തം സമുദായത്തിലുള്ളവര്‍ക്ക് മാത്രമാണെന്നും ഹിന്ദു സമൂഹത്തോട് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതേഷ് റാണെ. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്ത്യയൊരു ഹിന്ദു രാജ്യമാണെന്നും അതിനാല്‍ തങ്ങളുടെ അയല്‍പക്കങ്ങളില്‍ ആരൊക്കെയാണ് താമസിക്കാന്‍ വരുന്നതെന്നും ജനസംഖ്യാ ഘടന എങ്ങനെയാണ് മാറുന്നതെന്നും ഹിന്ദു സമൂഹം ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും നിതേഷ് റാണെ പറഞ്ഞു. മഹാരാഷ്ട്രയയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് തുടങ്ങിയ നടക്കുന്നുണ്ടെന്നും ബി.ജെ.പി നേതാവ് അവകാശപ്പെട്ടു.

ഇടപാടുകള്‍ സ്വന്തം സമുദായത്തില്‍ നിന്നുള്ളവരുമായി മാത്രമേ നടത്താവൂവെന്നും വസ്തുവകകള്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ വില്‍ക്കാവൂ എന്നും അദ്ദേഹം ഹിന്ദു സമൂഹത്തോടായി പറഞ്ഞു.

‘ മഹാ ദേവന്റെ ഈ പുണ്യ ഭൂമി നാം സംരക്ഷിക്കണം. ഹിന്ദു സമൂഹം ജാഗ്രത പാലിക്കണം. ലോകം മുഴുവന്‍ ഇസ്‌ലാമികവത്ക്കരിക്കാനാണ് അവരുടെ ലക്ഷ്യം. അതിനായി ലാന്‍ഡ് ജിഹാദും ലവ് ജിഹാദും എല്ലാം ഉപയോഗിക്കുന്നു,’ റാണ പറഞ്ഞു.

അയല്‍പക്കങ്ങളിലേക്ക് ആരൊക്കെയാണ് വരുന്നതെന്നും അവരുടെ എണ്ണം എങ്ങനെ വര്‍ധിക്കുന്നുവെന്നും നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

‘നമ്മള്‍ ജാഗ്രത പാലിച്ചാല്‍, അവര്‍ക്ക് നിയന്ത്രണമില്ലാതെ വികസിക്കാന്‍ കഴിയില്ല. അവര്‍ക്ക് ഉപജീവനം നല്‍കുന്നത് നമ്മളാണ്. നമ്മള്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തിയാല്‍, അവര്‍ തീര്‍ച്ചയായും നശിച്ചുപോകും,’ ബി.ജെ.പി നേതാവ് പറഞ്ഞു. ഘാട്‌കോപ്പറില്‍ അടുത്തിടെ നടന്ന കേസിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു റാണെയുടെ പ്രസ്താവന.

ഘാട്‌കോപ്പര്‍-കുര്‍ള മേഖലയിലുള്ള പ്രമോദ് മഹാജന്‍ ഗാര്‍ഡനില്‍ വെച്ച് നവി മുംബൈ സ്വദേശികളായ യുവദമ്പതികളെ പ്രായപൂര്‍ത്തിയാകാത്ത എട്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ആക്രമിച്ചതാണ് ഈ കേസ്. എന്നാല്‍ ഇതില്‍ മദ്രസ വിദ്യാഭ്യാസത്തെയും ആക്ഷേപിക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘ഞാന്‍ അവരെ പ്രായപൂര്‍ത്തിയാകാത്തവര്‍ എന്ന് വിളിക്കില്ല. അതൊരു ടൈം ബോംബാണ്. മദ്രസകളില്‍ ഹിന്ദുക്കളോടുള്ള വിദ്വേഷം കുത്തിവയ്ക്കുകയാണ്. ഹിന്ദുക്കളെ ‘കാഫിറുകള്‍’ എന്ന് മുദ്രകുത്തുന്നു.

ഖുര്‍ആനിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്ന മദ്രസകളില്‍ പഠിപ്പിക്കുന്നത് ഹിന്ദുക്കളെ മതം മാറ്റുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്നാണ്. അതുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. കുട്ടികളെ ഈ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നു. അവര്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുന്നില്ല, എഞ്ചിനീയര്‍മാരോ ഡോക്ടറോ ആകാന്‍ അവരെ പരിശീലിപ്പിക്കുന്നില്ല. പകരം, അവര്‍ വളരുമ്പോള്‍, ഹിന്ദുക്കളെ കൊല്ലാനോ, ഉന്മൂലനം ചെയ്യാനോ, മതം മാറ്റാനോ മാത്രമേ അവരെ പഠിപ്പിക്കുന്നുള്ളൂ,’ റാണെ പറഞ്ഞു.

Content Highlight: India is a Hindu nation; only anti-Hindu sentiment is taught in madrasas; do not sell property to Muslims: Maharashtra Minister

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more