| Tuesday, 27th January 2026, 8:54 am

ഇന്ത്യ 'ഒരു ഹിന്ദു രാഷ്ട്രം' ഭരണഘടനാ അംഗികാരം വേണ്ട; പ്രസ്താവനയാവര്‍ത്തിച്ച് മോഹന്‍ ഭഗവത്

നിഷാന. വി.വി

പട്‌ന: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്.

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നും അതൊരുസത്യമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ മുസാഫര്‍പൂരില്‍ നടന്ന സാമൂഹിക ഐക്യ സെമിനാറിന്റെ ഭാഗമായി നടന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്‍ക്കത്തയില്‍ നടന്ന ആര്‍.എസ്.എസിന്റെ നൂറാംവാര്‍ഷികാഘോഷ പരിപാടിയിലും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഭരണഘടനയുടെ അംഗികാരം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യം ഇതിനോടകം തന്നെ ഹിന്ദു രാഷ്ട്രമാണെന്നും, പ്രത്യേകിച്ച് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സമൂഹത്തില്‍ ഭിന്നതയല്ല വൈവിധ്യമാണുള്ളത്. ബ്രിട്ടീഷുകാര്‍ ഭിന്നത വര്‍ധിപ്പിച്ചു. ആ ഭിന്നതയെ മറികടന്ന് ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കണം,’ മോഹന്‍ ഭഗവത് പറഞ്ഞു.

ഹിന്ദു സമൂഹത്തിന് മൂന്ന് കുട്ടികള്‍ ഉണ്ടാവുന്നത് ആരും തടഞ്ഞിട്ടില്ലെന്നും ഒന്നോ രണ്ടോ കുട്ടികള്‍ വേണമെന്ന് സര്‍ക്കാരും ഉപദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ജനസംഖ്യയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില രാജ്യങ്ങള്‍ ഇന്ത്യയുടെ പുരോഗതിയില്‍ സന്തുഷ്ടരല്ല. സ്വന്തം താത്പര്യങ്ങള്‍ക്ക് ഭീഷണിയായി അവരതിനെ കാണുന്നതിനാല്‍ നമ്മുടെ പാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു,’ ആര്‍.എസ്.എസ് മേധാവി പറഞ്ഞു.

സൈനിക ശക്തി കൊണ്ടല്ല മറിച്ച് രാജ്യത്തിന്റെ ആഭ്യന്തര വിഭജനങ്ങള്‍ ചൂഷണം ചെയ്ത്‌കൊണ്ടാണ് വിദേശ ശക്തികള്‍ നമ്മളെ കീഴടക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ മുസാഫര്‍പൂരിലെ ആര്‍.എസ്.എസ് നോര്‍ത്ത് ബീഹാര്‍ പ്രവിശ്യാ ഓഫീസായ മധുകര്‍ നികേതനില്‍ മോഹന്‍ ഭഗവത് ത്രിവര്‍ണപതാകയുയര്‍ത്തുകയും വീര മൃത്യു വരിച്ച ഓരോ സൈനികനും ഇന്ത്യക്കാരാനാണെന്നും അക്രമത്തെക്കുറിച്ച് ഓരോ പൗരനും ആത്മപരിശോധന നടത്തണമെന്നും പറഞ്ഞു.

ഭരണഘടന പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നല്‍കുകമാത്രമല്ല കടമകളെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: India is a ‘Hindu nation’, no need for constitutional recognition; Mohan Bhagwat reiterates statement

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more