| Sunday, 18th January 2026, 11:20 pm

ട്രംപിന്റെ 'ബോർഡ് ഓഫ് പീസി'ലേക്ക് ഇന്ത്യയ്ക്ക് ക്ഷണം

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: ഗസയിലേക്കുള്ള ‘ബോർഡ് ഓഫ് പീസ്’ (Board of Peace)-ൽ അംഗമാകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് ക്ഷണം നൽകിയതായി ന്യൂദൽഹിയിലെ ഔദ്യോഗിക വൃത്തങ്ങൾ.

ബോർഡ് ഓഫ് പീസിൽ ചേരാനുള്ള ക്ഷണം ഇന്ത്യയ്ക്ക് ലഭിച്ചെന്നും എന്നാൽ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ.

ബോർഡ് ഓഫ് പീസ് രൂപീകരിച്ചെന്നും അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു.

ട്രംപിന്റെ 20 ഇന പദ്ധതിയുടെ രണ്ടാം ഘട്ടംത്തിനായുള്ള ‘ബോർഡ് ഓഫ് പീസ്’ ലേക്ക് നിയമിക്കപ്പെട്ട ആളുകളുടെ പട്ടിക വെള്ളിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയിരുന്നു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, സ്റ്റീവ് വിറ്റ്കോഫ്, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരും പേരുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ സി.ഇ.ഒ മാർക്ക് റോവൻ, യു.എസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

2025 സെപ്റ്റംബർ 29ന് വൈറ്റ് ഹൗസിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ സമാധാന പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.

ഇസ്രഈൽ ജയിലുകളിലുള്ള ഫലസ്തീൻ തടവുകാരെയും ഗസയിലുള്ള ബാക്കി 48 ബന്ദികളെയും മോചിപ്പിക്കാൻ ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ സാധിച്ചിരുന്നു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഫലസ്തീനിൽ ഒരു ഭരണസമിതി രൂപീകരിക്കുമെന്നും ഹമാസിനെ നിരായുധീകരിക്കുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.

ഫലസ്തീനികളും അന്താരാഷ്ട്ര വിദഗ്ധരും അടങ്ങുന്ന രാഷ്ട്രീയേതര സമിതിയാകും ഗസ ഭരിക്കുകയെന്നാണ് പദ്ധതിയിൽ പറഞ്ഞിരുന്നത്. ഈ സമിതിയുടെ മേൽനോട്ടം വഹിക്കുന്നത് ട്രംപ് അധ്യക്ഷനായ ‘ബോർഡ് ഓഫ് പീസ്’ ആയിരിക്കും.

ഇതിൽ മറ്റ് രാഷ്ട്രത്തലവന്മാരും അംഗങ്ങളായിരിക്കും. ഫലസ്തീൻ അതോറിറ്റി തങ്ങളുടെ പരിഷ്കരണ നടപടികൾ പൂർത്തിയാക്കുന്നത് വരെ ഗസയുടെ പുനർനിർമ്മാണത്തിനുള്ള ഫണ്ടിങ് കൈകാര്യം ചെയ്യുന്നതും ഈ ബോർഡായിരിക്കും.

ഗസയിലേക്ക് ഒരു താൽക്കാലിക അന്താരാഷ്ട്ര സുരക്ഷാ സേന രൂപീകരിക്കണമെന്നും ഇതിനായി വിവിധ രാജ്യങ്ങളുമായി അമേരിക്ക ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സമാധാന സേന അല്ലാത്തതിനാൽ ഇന്ത്യ ഇതിൽ പങ്കാളികളാകില്ലെന്ന് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.

എങ്കിലും, 2025 ഒക്ടോബർ 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്തിരുന്നു. ബന്ദികളുടെ മോചനവും ഗസയിലെ ജനങ്ങൾക്ക് ലഭിക്കുന്ന സഹായങ്ങളും ശാശ്വത സമാധാനത്തിന് വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: India invited to Trump’s ‘Board of Peace’

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more