| Friday, 24th January 2025, 7:58 am

രജൗരിയിലെ അജ്ഞാത രോഗബാധ; വെള്ളത്തില്‍ വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ അജ്ഞാതരോഗം ബാധിച്ച് 17 പേര്‍ മരിച്ച സംഭവത്തിനിടയാക്കിയത് ബാക്ടീരിയയോ വൈറസ് ബാധയോ അല്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്.

രോഗബാധയെ തുടര്‍ന്ന് രജൗരിയിലെ ബാധലില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി.

ലഖ്നൗ സി.എസ്.ഐ.ആറിലെ ടോക്സികോളജി ലാബിലെ പരിശോധനയിലാണ് വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്ത് പകര്‍ച്ചവ്യാധി സംബന്ധിച്ച ആശങ്കകള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശത്തെ ഉറവകളില്‍ നിന്നുള്ള വെള്ളം കുടിക്കരുതെന്നും മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അധികൃതര്‍ കൈമാറുന്ന ഭക്ഷണവും വെള്ളവും മാത്രം കഴിക്കണമെന്നും നിര്‍ദേശമുണ്ട്.

ഗ്രാമത്തെ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആളുകളുടെ മരണത്തിന് കാരണമായത് പകര്‍ച്ചവ്യാധിയല്ലെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.

ചികിത്സയിലിരിക്കുന്ന രോഗികളില്‍ ഛര്‍ദ്ദി, വയറിളക്കം ഉള്‍പ്പെടെയുള്ള ഭക്ഷ്യവിഷബാധയ്ക്ക് സമാനമായ ലക്ഷങ്ങളുണ്ടെന്ന് പ്രാദേശിക ആശുപത്രി മേധാവി ഡോ. എ.എസ്. ഭാട്ടിയ പറഞ്ഞു.

ബാക്ടീരിയ, പ്രോട്ടോസോവ, സൂനോട്ടിക് തുടങ്ങിയ അണുബാധകള്‍ക്കുള്ള സാധ്യത തള്ളിക്കളഞ്ഞതായി രജൗരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. ഷുജ ക്വാഡ്രി പറഞ്ഞു.

2024 ഡിസംബര്‍ മുതല്‍ അജ്ഞാത രോഗത്താല്‍ ബാധലില്‍ മരണപ്പെട്ട 17 പേരില്‍ 13ഉം കുട്ടികളാണ്. ഇതുവരെ 38 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഗ്രാമത്തിലെ കൂടുതല്‍ പേരെ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

ഡിസംബറില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ഇതില്‍ അഞ്ച് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്.

സംഭവത്തില്‍ ഏതെങ്കിലും രീതിയിലുള്ള ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സംഘത്തിലുണ്ട്.

Content Highlight: India investigates 17 ‘mysterious’ deaths in same village

We use cookies to give you the best possible experience. Learn more