| Friday, 12th December 2025, 7:24 am

സൂര്യനുദിച്ചില്ല, ഇന്ത്യയ്ക്ക് നാണക്കേടിന്റെ ചരിത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരത്തില്‍ തര്‍പ്പന്‍ വിജയമായിരുന്നു സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ന്യൂ ചണ്ഡീഗഡില്‍ നടന്ന മത്സരത്തില്‍ 51 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 162ല്‍ അവസാനിക്കുകയായിരുന്നു.

ഇതോടെ ഒരു വലിയ നാണക്കേടിന്റെ റെക്കോഡിലാണ് സൂര്യകുമാര്‍ യാദവും സംഘവും എത്തിച്ചേര്‍ന്നത്. സ്വന്തം മണ്ണില്‍ നടക്കുന്ന അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. ഇന്ത്യയില്‍ 2022ല്‍ നടന്ന ടി-20യിലും പ്രോട്ടിയാസ് ആധിപത്യം സ്ഥാപിച്ചിരുന്നു.

അന്താരാഷ്ട്ര ഹോം ടി-20 മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വി (റണ്‍സ്), എതിരാളി, വേദി, വര്‍ഷം

51 റണ്‍സ് – സൗത്ത് ആഫ്രിക്ക – ന്യൂ ചണ്ഡീഗഡ് – 2025

49 റണ്‍സ് – സൗത്ത് ആഫ്രിക്ക – ഇന്‍ഡോര്‍ – 2022

47 റണ്‍സ് – ന്യൂസിലാന്‍ഡ് – നാഗ്പൂര്‍ – 2016

40 റണ്‍സ് – ന്യൂസിലാന്‍ഡ് – രാജ്‌കോട്ട് – 2017

മത്സരത്തില്‍ പ്രോട്ടിയാസ് സൂപ്പര്‍ താരവും ഓപ്പണറുമായ ക്വിന്റണ്‍ ഡി കോക്കിന്റേയും ഒട്ട്‌നിയല്‍ ബാര്‍ട്ട്മാന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റേയും കരുത്തിലാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്.

46 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 90 റണ്‍സ് നേടിയാണ് ഡി കോക്ക് മടങ്ങിയത്. 195.65 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ഡി കോക്കിന് പുറമെ അവസാന ഘട്ടത്തില്‍ 16 പന്തില്‍ 30* റണ്‍സ് നേടിയ ഡൊണോവന്‍ ഫെരേരയുടേയും 12 പന്തില്‍ 20* റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റേയും തകര്‍പ്പന്‍ പ്രകടനം പ്രോട്ടിസിന് നിര്‍ണായകമായി.

ടീമിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയ ഒട്ട്‌നിയല്‍ ബാര്‍ട്ട്മാന്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 6.00 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. അക്‌സര്‍ പട്ടേല്‍ (21), ശിവം ദുബെ (1), അര്‍ഷ്ദീപ് സിങ് (4), വരുണ്‍ ചക്രവര്‍ത്തി (0) എന്നിവരെയാണ് താരം പുറത്താക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് തിലക് വര്‍മയായിരുന്നു. അഞ്ചാമനായി ഇറങ്ങി 34 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 62 റണ്‍സാണ് താരം നേടിയത്. 27 റണ്‍സ് നേടിയ ജിതേഷ് ശര്‍മയാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍.

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവവും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മോശം പ്രകടനം നടത്തിയാണ് മടങ്ങിയത്. ഗില്‍ പൂജ്യത്തിനും സൂര്യ അഞ്ച് റണ്‍സിനുമാണ് കൂടാരത്തിലെത്തിയത്. കഴിഞ്ഞ കുറേ മത്സരങ്ങളിലായി ഇരു താരങ്ങള്‍ക്കും പറയത്തക്ക മികച്ച പ്രകടനങ്ങളില്ലാത്തത് ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ബൗളിങ്ങില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ ഒരു വിക്കറ്റും നേടി.

Content Highlight: India In Unwanted Record List Against South Africa In International T-20

We use cookies to give you the best possible experience. Learn more