| Sunday, 22nd February 2026, 9:42 pm

ലോകകപ്പില്‍ നാണംകെട്ട് ഇന്ത്യ; ഈ വര്‍ഷം കിട്ടിയ പണി ചെറുതൊന്നുമല്ല!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ആദ്യ ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സിന്റെ മികച്ച ടോട്ടലാണ് പ്രോട്ടിയാസ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സാണ് നേടിയത്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പ്രോട്ടിയാസ് തുടങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ സ്‌ട്രൈക്കിലുള്ള ഇഷാന്‍ കിഷനെ പൂജ്യം റണ്‍സിന് പുറത്താക്കി ഏയ്ഡന്‍ മാര്‍ക്രം മികച്ച തുടക്കമാണ് ഇട്ടത്. റയാന്‍ റിക്കിള്‍ട്ടന്റെ കയ്യിലെത്തിയാണ് താരം മടങ്ങിയത്. താരത്തിന്റെ ഡക്കോടെ ഒരു നാണക്കേടിന്റ റെക്കോഡില്‍ ഇന്ത്യ ഒന്നാമത് എത്തിയിരിക്കുകയാണ്.

ടി-20 ലോകകപ്പ് 2026ല്‍ ഏറ്റവും കൂടുതല്‍ തവണ ഡക്ക് വഴങ്ങിയ ടീമാകുകയാണ് ഇന്ത്യ. ടൂര്‍ണമെന്റില്‍ അഭിഷേക് ശര്‍മയുടെ ബാക് ടു ബാക് മൂന്ന് ഡക്കുകള്‍ ഉള്‍പ്പെടെ നിലവില്‍ ഒമ്പത് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്താകുന്നത്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇറ്റലി എട്ട് ഡക്കുകള്‍ വഴങ്ങിയിട്ടുണ്ട്.

ടി-20 ലോകകപ്പ് 2026ല്‍ ഏറ്റവും കൂടുതല്‍ ഡക്ക് വഴങ്ങിയ ടീം

ഇന്ത്യ – 9*

ഇറ്റലി – 8

ഒമാന്‍ – 7

പാകിസ്ഥാന്‍ – 6

കിഷന് പുറകെ തിലക് വര്‍മയെ ഒരു റണ്‍സിന് പറഞ്ഞയച്ച് മാര്‍ക്കോ യാന്‍സന്‍ പ്രോട്ടിയാസിനായി രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു. നിലവില്‍ അഭിഷേക് ശര്‍മയെയാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടപ്പെട്ടത്. 12 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 15 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. മാര്‍ക്കോ യാന്‍സനാണ് താരത്തെ പുറത്താക്കിയത്.

അതേസമയം ബാറ്റുമായി കളത്തിലിറങ്ങിയ പ്രോട്ടിയാസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരുന്നു. ടീം സ്‌കോര്‍ 10ല്‍ നില്‍ക്കവെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഇന്ത്യ തുടങ്ങിയത്. സൂപ്പര്‍ പേസര്‍ ബുംറയുടെ തീയുണ്ടയില്‍ ആറ് റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്.

പ്രോട്ടിയാസിന്റെ സ്‌കോര്‍ 12ല്‍ നില്‍ക്കവെ മൂന്നാം ഓവറിനെത്തിയ അര്‍ഷ്ദീപ് സിങ് ഏയ്ഡന്‍ മാര്‍ക്രത്തെ ഹര്‍ദിക്കിന്റെ കയ്യില്‍ കുരുക്കിയും പറഞ്ഞയച്ചു. നാല് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പ്രോട്ടിയാസിന് ഇരട്ടപ്രഹരം ഏല്‍പ്പിച്ചുകൊണ്ട് റയാന്‍ റിക്കിള്‍ട്ടണെ പുറത്താക്കി ബുംറ വീണ്ടും വിക്കറ്റ് വീഴ്ത്തി. റയാനെ ശിവം ദുബെയുടെ കയ്യിലെത്തിച്ചാണ് ബുംറ മടക്കിയത്. ഏഴ് റണ്‍സായിരുന്നു റയാന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

എന്നാല്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് സൗത്ത് ആഫ്രിക്കയെ കര കയറ്റിയത് ഡെവാള്‍ഡ് ബ്രെവിസിന്റെയും ഡേവിഡ് മില്ലറിന്റെയും കിടിലന്‍ ഇന്നിങ്‌സാണ്. ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങള്‍ പെട്ടന്ന് മടങ്ങിയപ്പോള്‍ ബ്രെവിസ് 29 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറും നേടി 45 റണ്‍സാണ് അടിച്ചെടുത്തത്.

മില്ലര്‍ 35 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പടെ 63 റണ്‍സ് നേടി ഗംഭീര പ്രകടനവും കാഴ്ചവെച്ചു. ഇരുവരുടേയും കൂട്ടുകെട്ടാണ് പ്രോട്ടിയാസ് നിരയില്‍ നിര്‍ണായകമായത്. മാത്രമല്ല അവസാന ഘട്ടത്തില്‍ 24 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ 44* നേടിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും വരുണും ഹര്‍ദിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: India In Unwanted Record In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more