| Saturday, 22nd November 2025, 8:18 am

38ാം ക്യാപ്റ്റനാകാന്‍ പന്ത്; സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് ജീവന്‍ മരണ പോരാട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഇന്ന് (നവംബര്‍ 22) ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ അരങ്ങേറും. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നത് റിഷബ് പന്താണ്. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്ന 38ാം താരമാകാനും പന്തിന് സാധിക്കും.

അതേസമയം ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് അവസാനത്തെ ടെസ്റ്റ് ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ തെംബ ബാവുമയോടും സംഘത്തോടും സമ നിലവഴങ്ങിയാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടും. ഹോം ടെസ്റ്റില്‍ തുടര്‍ പരാജയങ്ങള്‍ നേരിടുന്ന ഇന്ത്യയ്ക്ക് ഇനി ഒരു തോല്‍വി താങ്ങാനാവില്ല.

എന്നാല്‍ സ്വന്തം മണ്ണില്‍ പോലും ഇന്ത്യയ്ക്ക് വിജയം കഠിനമാകുമെന്നാണ് വിലയിരുത്തല്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിടവ് തന്നെയാണ് അതിന് ആക്കം കൂട്ടുന്നത്. ആദ്യ മത്സരത്തില്‍ കഴുത്തിനേറ്റ പരിക്ക് കാരണം ഗില്ലിന് ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ രണ്ടാം ടെസ്റ്റിനായുള്ള സ്‌ക്വാഡില്‍ നിന്ന് ഗില്ലിനെ നീക്കം ചെയ്തു.

സൗത്ത് ആഫ്രിക്കക്കെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 30 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താകുകയായിരുന്നു.

അതേസമയം വെല്ലുവിളി നിറഞ്ഞ രണ്ടാം മത്സരത്തില്‍ ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ അഡ്‌വാന്റേജുമായാണ് പ്രോട്ടിയാസ് ഇറങ്ങുന്നത്. ബാറ്റിങ്ങില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ മത്സരം കൈവിട്ടുപോകാനുള്ള എല്ലാ സാധ്യതകളും ഉണ്ടായേക്കും. മാത്രമല്ല ഇന്ത്യന്‍ ബൗളിങ് യൂണിറ്റിന് വലിയ സമ്മര്‍ദം അനുഭവിക്കേണ്ടിയും വരും. ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഗുവാഹത്തിയില്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ സ്‌ക്വാഡ്

റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

Content Highlight: India in a life-and-death battle against South Africa

We use cookies to give you the best possible experience. Learn more