സൗഹൃദ മത്സരത്തിൽ പനാമയെ സമനിലയിൽ തളച്ച് ഇന്ത്യ. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിക്കൊണ്ട് മത്സരം അവസാനിപ്പിക്കുകയായിരുന്നു. 2026 ഫിഫ ലോകകപ്പിൽ കളിച്ച പനാമയെ ഇന്ത്യ തങ്ങളുടെ പോരാട്ടം വീര്യം കൊണ്ട് പിടിച്ചു നിർത്തുകയായിരുന്നു. ഫിഫ റാങ്കിങ്ങിൽ മുന്നിലുള്ള പനാമയെ ഖാലിദ് ജമീലിന്റെ സംഘം തന്ത്രപരമായ നീക്കങ്ങളിലൂടെ പൂട്ടുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതി ഇന്ത്യയുടെ സർവ്വാധിപത്യമായിരുന്നു. മത്സരത്തിന്റെ 41ാം മിനിട്ടിൽ റയാൻ വില്യംസാണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്. ആകാശ് മിശ്രയുടെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോൾ നേട്ടം. എതിർ ടീമിന്റെ പ്രതിരോധത്തിലെ വിടവ് മുതലെടുത്തുകൊണ്ട് മുന്നേറിയ റയാൻ പനാമ ഗോൾ കീപ്പറെ മറികടന്നുകൊണ്ട് പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ വിദേശ വംശജനായ റയാൻ കളനിറഞ്ഞു കളിച്ചപ്പോൾ ആദ്യപകുതി ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് സ്വന്തമാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ 67ാം മിനിട്ടിൽ ഒമർ വലൻസിയയിലൂടെ പനാമ സമനില ഗോൾ നേടി. ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീതിനെ കാഴ്ചക്കാരനാക്കിക്കൊണ്ട് പെനാൽറ്റി ബോക്സിന് പുറത്തുനിന്നും ഒരു ലോങ്ങ് റേഞ്ചറിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.
പിന്നീട് ഇരു ടീമുകളും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും സ്കോർ ലൈനിൽ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇന്ത്യ വിജയത്തോളം പോന്ന സമനില കൈപ്പിടിയിലാക്കുകയായിരുന്നു.
മത്സരത്തിൽ മൂന്ന് മലയാളി താരങ്ങൾ ആയിരുന്നു ബ്ലൂ ടൈഗേഴ്സിന് വേണ്ടി കളത്തിലിറങ്ങിയത്. സഹൽ അബ്ദുൽ സമദ്, ആഷിക് കുരുണിയൻ, ബിജോയ് വർഗീസ് എന്നിവരായിരുന്നു ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം.
ഇനി ഇന്ത്യൻ ടീമിന്റെ മുന്നിലുള്ളത് ബ്രസീലിനെതിരെയും ഉറുഗ്വേക്കെതിരെയുള്ള മത്സരങ്ങളാണ്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ കാനറിപ്പടക്കെതിരെ ഒക്ടോബർ മൂന്നിനാണ് ഇന്ത്യൻ സംഘം പോരാട്ടത്തിനിറങ്ങുന്നത്. കൊൽക്കത്തയിലാണ് ഈ ചരിത്ര പോരാട്ടം അരങ്ങേറുക. ഒക്ടോബർ ആറിന് രണ്ട് തവണ ലോകം കീഴടക്കിയ ഉറുഗ്വേയും ഇന്ത്യ നേരിടും. ഈ പോരാട്ടത്തിന്റെ വേദിയും കൊൽക്കത്ത തന്നെയാണ്.
Content Highlight: India holds Panama to a draw in a friendly match